ബിബിഎംപി മേയർ പദവിക്കായി ചരടുവലിച്ച് ദളും കോൺഗ്രസും

ബെംഗളൂരു ∙ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) മേയർ ആർ.സമ്പത്ത് രാജിന്റെ കാലാവധി അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ, മേയർ സ്ഥാനത്തിനായുള്ള പിടിവലികൾ മുറുകുന്നു. ജനറൽ വിഭാഗം വനിതയ്ക്കായാണ് ഇക്കുറി മേയർസ്ഥാനം നീക്കിവച്ചിരിക്കുന്നത്. കോൺഗ്രസ്- ജനതാദൾ (എസ്) സഖ്യമാണ് ബിബിഎംപി ഭരിക്കുന്നത്. ഇതിലെ വലിയകക്ഷിയായ കോൺഗ്രസ് മേയർസ്ഥാനം നിലനിർത്താൻ ശക്തമായി രംഗത്തുണ്ടെങ്കിലും, ദളും ഈ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചേക്കും.

മേയർസ്ഥാനം കോൺസിനു നൽകേണ്ടി വന്നാൽ, നിലവിലേതുപോലെ ദൾ ഡെപ്യൂട്ടി മേയർസ്ഥാനംകൊണ്ടു തൃപ്തിപ്പെടും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം 31ന് നടക്കുന്ന സഖ്യസർക്കാർ ഏകോപനസമിതി യോഗത്തിലുണ്ടാകും. ജയനഗറിൽ നിന്നുള്ള കോർപറേറ്റർ ഗംഗാബികെ, സൗമ്യ ശിവകുമാർ (ശാന്തിനഗർ), ലാവണ്യ ഗണേഷ് റെഡ്ഡി (ലിംഗരാജപുരം), എസ്.ആശാ സുരേഷ് (എച്ച്എംടി വാർഡ്) എന്നിവരാണ് കോൺഗ്രസിൽനിന്ന് മേയർസ്ഥാനത്തിന് നീക്കം നടത്തുന്നവർ. ദളിന്റെ എസ്.പി.ഹേമലത (വൃഷഭാവതി നഗർ), നേത്രാ നാരായൺ (കാവൽബൈരസന്ദ്ര) എന്നിവരും സജീവമായി രംഗത്തുണ്ട്.