സഖ്യ സർക്കാരിൽ അഭിപ്രായ ഭിന്നതയില്ല: കുമാരസ്വാമി

കർ‌ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു∙ ജനതാദൾ എസിലെയും കോൺഗ്രസിലെയും നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നതകളില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. തനിക്കു വീണ്ടും മുഖ്യമന്ത്രിയാകണമെന്നു കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഖ്യസർക്കാരിൽ അപശ്രുതിയുണ്ടെന്ന വിധത്തിൽ ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചിരുന്നു. 

ആഗ്രഹപ്രകടനത്തിന് വിവിധ വ്യാഖാനങ്ങൾ

അതിനിടെ, 2023ൽ ജനപിന്തുണയോടെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹപ്രകടനമാണ് സിദ്ധരാമയ്യ നടത്തിയതെന്ന് കർണാടക പിസിസി വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ഹാസനിലെ ഹൊളെ നരസീപുരയിൽ സിദ്ധരാമയ്യ നടത്തിയ പരാമർശത്തെ വിവിധ നേതാക്കൾ സ്വന്തം നിലയ്ക്ക് വ്യാഖ്യാനിച്ചതോടെ ഇതു വിവാദത്തിനിടയാക്കി. ഏകോപന സമിതി യോഗം സിദ്ധരാമയ്യയ്ക്ക് അനുകൂലമായി തീരുമാനമെടുത്താൽ, താനും കോൺഗ്രസ് പാർട്ടിയും അതിനൊപ്പം നിലകൊള്ളുമെന്നും കുമാരസ്വാമിയെ നീക്കേണ്ടി വരുമെന്നും കൃഷി മന്ത്രി ശിവശങ്കര റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേ സമയം ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യം ചർച്ച ചെയ്യാനല്ല ഏകോപന സമിതി യോഗം ചേരുന്നതെന്ന് അധ്യക്ഷൻ സിദ്ധരാമയ്യ വ്യക്തമാക്കി. ദൾ സംസ്ഥാന അധ്യക്ഷൻ എ.എച്ച്.വിശ്വനാഥും ഇതേ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്.

∙ 'സഖ്യസർക്കാർ രൂപീകരണത്തിന് മുൻകൈയെടുത്തയാളാണ് സിദ്ധരാമയ്യ. അദ്ദേഹം നടത്തിയ ആഗ്രഹപ്രകടനത്തിന് പ്രത്യേക അർഥം ചമയ്ക്കേണ്ടതില്ല' – കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു. 

∙ ചിലർ ആഗ്രഹിക്കും പോലെ തകർക്കാൻ, സഖ്യസർക്കാർ മൺകുടമല്ലെന്ന് ജലവിഭവ മന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. 

∙ സഖ്യ സർക്കാർ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തമ്മിലടി കാരണം ഈ ബന്ധം അവസാനിക്കുമെന്നും ബിജെപി എംഎൽഎ ഉമേഷ് കട്ടി പറഞ്ഞു.