കഞ്ചാവിനെക്കുറിച്ച് പാടി, പൊല്ലാപ്പിലായി ഗായകൻ

ബെംഗളൂരു ∙ കഞ്ചാവിനെക്കുറിച്ചുള്ള ഗാനം ആലപിച്ച കന്നഡ‍ ഗായകൻ ചന്ദൻ ഷെട്ടിക്ക് എതിരെ പൊലീസ്. ഒരു സിനിമയ്ക്കു വേണ്ടി ആലപിച്ച ‘ഗാഞ്ച’ എന്ന ഗാനം യുവാക്കളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്ന വാദം ഉയർത്തിയാണ് പൊലീസ് ചന്ദൻ ഷെട്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ‘ആന്ത്യ’ എന്ന കന്നഡ സിനിമയ്ക്കു വേണ്ടി മൂന്നു വർഷം മുൻപാണ് ഗാനം റെക്കോർ‌ഡ് ചെയ്തത്.

സിനിമ റിലീസ് ആയിട്ടില്ലെങ്കിലും ഗാനം ഇതിനകം ഹിറ്റായി. ഒട്ടേറെ ആരാധകരുള്ള ചന്ദൻ ഷെട്ടി ഈ ഗാനത്തിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താനല്ല ഗാനമെഴുതിയതെന്നും നിർമാതാവും സംവിധായകനും കരാർ നൽകുന്നതനുസരിച്ച് ഗാനം ആലപിക്കുകയാണ് തന്റെ ജോലിയെന്നും ഷെട്ടി പ്രതികരിച്ചു. പുറത്തിറങ്ങാനുള്ള ‘ആന്ത്യ’യിൽ ലഹരിക്കെതിരായ സന്ദേശവുമുണ്ടെന്നും ഷെട്ടി പറഞ്ഞു.