Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാദേശിക സഹകരണത്തിലൂടെ വെല്ലുവിളികൾ നേരിടണം: മോദി; ബിംസ്ടെക് നാലാം ഉച്ചകോടിക്കു തുടക്കം

modi-nepal-bimstec ബിംസ്ടെക് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന എന്നിവർക്കൊപ്പം.

കഠ്മണ്ഡു (നേപ്പാൾ) ∙ ഭീകരതയും ലഹരിമരുന്നും പോലുള്ള വിപത്തുകളെ ഒരുമിച്ചു നേരിടുന്നതിനു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിംസ്ടെക് ഉച്ചകോടിയിൽ അയൽരാജ്യങ്ങളെ ആഹ്വാനം ചെയ്തു. പ്രാദേശിക സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഹിമാലയത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ–ഓപ്പറേഷന്റെ (ബിംസ്ടെക്) നാലാം ഉച്ചകോടി ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

വ്യാപാര, സാമ്പത്തിക, ഗതാഗത, ഡിജിറ്റൽ, വ്യക്തിഗത ബന്ധത്തിനും സഹകരണത്തിനും വലിയ അവസരമുണ്ടെന്നും അതു നാം പൂർണമായി പ്രയോജനപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയാണ് ബിംസ്ടെക് അംഗരാജ്യങ്ങൾ. നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അംഗരാജ്യങ്ങളുടെയെല്ലാം ഭരണാധികാരികൾ പങ്കെടുക്കുന്നുണ്ട്. ഭീകരതയുടെയും രാജ്യാന്തര കുറ്റകൃത്യങ്ങളുടെയും ലഹരിമരുന്നു വ്യാപാരത്തിന്റെയും കെടുതികൾ മേഖലയിലെ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നതായും പരസ്പര സഹകരണത്തിലൂടെ ഈ മഹാവിപത്തുകളെ ഫലപ്രദമായി നേരിടാനാവുമെന്നും മോദി പറഞ്ഞു.

അയൽബന്ധം നയതന്ത്രബന്ധത്തിൽ ഒതുങ്ങരുത്. അറിവും അനുഭവവും എല്ലാം പങ്കുവച്ച് സഹകരിച്ചാൽ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സമാധാനവും സന്തുഷ്ടിയും കൈവരിക്കാനാവും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മോദി ചർച്ച നടത്തി. ശ്രീലങ്കയ്ക്ക് അവരാഗ്രഹിക്കുന്നവിധമുള്ള എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായുള്ള ചർച്ചയിൽ മോദി അറിയിച്ചു.

related stories