Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റക്സോൽ–കഠ്മണ്ഡു റെയിൽപാതയ്ക്ക് ധാരണ; ബിംസ്ടെക് ഉച്ചകോടിക്ക് സമാപനം

bimstec-modi തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയൂത് ചനോച, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന,നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി,മ്യാൻമർ പ്രസിഡന്റ് വിൻ മയന്റ്, ഭൂട്ടാൻ സർക്കാർ ഉപദേഷ്ടാവ് ഡാഷോ വാങ്ചുക്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠ്മണ്ഡുവിലെ ബിംസ്ടെക് ഉച്ചകോടി വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്പി

കഠ്മണ്ഡു ∙ ബിഹാറിലെ റക്സോലും നേപ്പാളിലെ കഠ്മണ്ഡുവും ബന്ധിപ്പിച്ചു തന്ത്രപ്രധാനമായ റെയിൽപാത നിർമിക്കാൻ ഇന്ത്യയും നേപ്പാളും ധാരണാപത്രം കൈമാറി. ബിംസ്ടെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും നടത്തിയ ചർച്ചയ്ക്കു ശേഷമാണിത്. ന്യൂജൽപായ്ഗുഡി–കക്കർഭിട്ട, നൗത്തൻ‍വ–ഭൈരഹവ, നേപ്പാൾഗഞ്ച് റോഡ്–നേപ്പാൾഗഞ്ച് എന്നീ റെയിൽപാതകളും ഇരുരാജ്യങ്ങളും സംയുക്തമായി നിർമിക്കാൻ ചർച്ച നടക്കുന്നുണ്ട്.

ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളടങ്ങിയ മേഖലാ സാമ്പത്തിക സാങ്കേതിക വികസന കൂട്ടായ്മയാണു ബിംസ്ടെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ). ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിനു ബിംസ്ടെക് രാജ്യങ്ങൾ സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനായി മാർഗരേഖ തയാറാക്കും.

എല്ലാ രംഗങ്ങളിലും അംഗരാജ്യങ്ങൾ സഹകരിച്ചു മുന്നേറുന്നതിനുള്ള 18 ഇന പ്രഖ്യാപനവും ദ്വിദിന ഉച്ചകോടി അംഗീകരിച്ചു. ഭീകരതയെ വളർത്തുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞു വേണ്ട നടപടിയെടുക്കണമെന്നും പ്രഖ്യാപനത്തിലുണ്ട്. ബിംസ്ടെക്കിന്റെ അധ്യക്ഷപദവി നേപ്പാൾ പ്രധാനമന്ത്രി, ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു കൈമാറി.

related stories