Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ ഇടപാടിന് കേന്ദ്രം; വാങ്ങാൻ പോകുന്നത് 114 യുദ്ധവിമാനങ്ങൾ

F-15-fighter-jet

ന്യൂഡൽഹി∙ റഫാൽ വിമാന ഇടപാടു സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടെ, വിദേശ പങ്കാളിത്തത്തോടെ വ്യോമസേനയ്ക്കു വേണ്ടി 114 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. ഇതിനുള്ള ടെൻഡർ നടപടികൾക്കു പ്രതിരോധമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ സമിതി വൈകാതെ പച്ചക്കൊടി കാട്ടുമെന്നാണു സൂചന.

പദ്ധതിയിൽ പങ്കാളിയാകാൻ റഫാലും താൽപര്യമറിയിച്ചിട്ടുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ ഇടപാടു സ്വന്തമാക്കാൻ യുഎസ്, റഷ്യൻ കമ്പനികളും രംഗത്തുണ്ട്. വ്യാഴാഴ്ച യുഎസുമായുള്ള വിദേശ, പ്രതിരോധ മന്ത്രിമാരുടെ ദ്വിതല കൂടിക്കാഴ്ചയിൽ ഇക്കാര്യവും ചർച്ചാവിഷയമായേക്കും.

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ താൽപര്യമറിയിച്ച് ആകെ ഏഴു കമ്പനികളാണു രംഗത്തുള്ളത്. പാക്ക്, ചൈന ഭീഷണി വർധിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ യുദ്ധവിമാനങ്ങളുടെ എണ്ണം ഉയർത്തണമെന്ന വ്യോമസേനയുടെ അഭ്യർഥന കണക്കിലെടുത്താണു നടപടി.

ഒറ്റ, ഇരട്ട എൻജിൻ വിമാനങ്ങളാണു പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. 18 വിമാനങ്ങൾ പൂർണ ഉപയോഗക്ഷമമായ രീതിയിൽ എത്തിക്കും. ബാക്കിയുള്ളവ സാങ്കേതികവിദ്യ വാങ്ങി ഇന്ത്യയിൽ നിർമിക്കും. ടെൻഡർ നടപടികൾക്കു കേന്ദ്രം അനുമതി നൽകിയാൽ, മൂന്നു മാസത്തിനകം കമ്പനികൾ രേഖകൾ സമർപ്പിക്കണം. അന്തിമകരാർ ഒപ്പിട്ടശേഷം അഞ്ചു വർഷത്തിനകം വിമാനങ്ങൾ ഇന്ത്യയിലെത്തും.

രംഗത്തുള്ള കമ്പനികൾ 

ആഗോള ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച വിദേശ കമ്പനികളുടെ യുദ്ധവിമാനങ്ങൾ ഇവ: എഫ് 16, എഫ്/എ 18 (യുഎസ്), ഗ്രിപെൻ ഇ (സ്വീഡൻ), മിഗ് 35 (റഷ്യ), സുഖോയ് 35 (റഷ്യ), യൂറോഫൈറ്റർ ടൈഫൂൺ (ഇംഗ്ലണ്ട്), റഫാൽ (ഫ്രാൻസ്). 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.