Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി വരുമാന ഇടിവ്: കാരണങ്ങളുമായി ധനമന്ത്രാലയം

Goods and Services Tax - GST

ന്യൂഡൽഹി ∙ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വന്ന ഇടിവിനെ പ്രതിരോധിക്കാൻ കാരണം നിരത്തി കേന്ദ്ര സർക്കാർ. വരുമാനം സ്ഥിരത കൈവരിച്ചെന്നും വൈകാതെ ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഓഗസ്റ്റിലെ വരുമാനത്തിൽ 2523 കോടി രൂപയുടെ ഇടിവുണ്ടായത്. 2018–19 സാമ്പത്തിക വർഷത്തെ ഏറ്റവും കുറവു വരുമാനമാണ് ഓഗസ്റ്റിലേത് (93,960 കോടി രൂപ)‌. ജൂലൈയിൽ 96,483 കോടി, ജൂണിൽ 95,610 കോടി രൂപ വീതമായിരുന്നു വരുമാനം.

പ്രളയക്കെടുതിയെ തുടർന്നു നികുതി റിട്ടേൺ സമർപ്പിക്കാൻ കേരളത്തിനു കൂടുതൽ സമയം അനുവദിച്ചതടക്കമുള്ള കാരണങ്ങളും നികുതി വരുമാനം കുറച്ചതായി ധനവകുപ്പു വിശദീകരിക്കുന്നു. വിലക്കുറവു പ്രതീക്ഷിച്ച് സാധനങ്ങൾ വാങ്ങുന്നതു വ്യാപകമായി നീട്ടിവച്ചതും നികുതി വരുമാനത്തെ ബാധിച്ചു. ജൂലൈയിൽ നടന്ന വ്യാപാര ഇടപാടുകൾക്ക് അടച്ച നികുതിയാണ് ഓഗസ്റ്റിലെ വരുമാനമായി പരിഗണിക്കുക. ജൂണിനെ അപേക്ഷിച്ചു ജൂലൈയിൽ ജിഎസ്ടി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ ഒരു ലക്ഷം പേരുടെ വർധന ഉണ്ടായിരുന്നു. തൊട്ടുമുൻപത്തെ വർഷം ഓഗസ്റ്റിലും നികുതി വരുമാനത്തിൽ കുറവുണ്ടായിരുന്നതായും ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഓണവിപണി പ്രളയത്തിൽ മുങ്ങിയതു വരുന്ന മാസത്തെ ജിഎസ്ടി വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. പ്രമുഖ വാഹന കമ്പനികളുടെയും ഗൃഹോപകരണങ്ങളുടെയും രാജ്യത്തെ തന്നെ പ്രധാന വിപണിയാണ് ഓണക്കാലം.