Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ് നെഹ്റുവിന്റെ ഡോക്ടറുടെ മകൻ

Arif-Alvi

ഇസ്‌ലാമാബാദ്∙ ഡോ.ആരിഫ് അൽവിയെ പാക്കിസ്ഥാൻ പ്രസിഡന്റായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഇന്ത്യൻ വേരുകളും ശ്രദ്ധ നേടുന്നു. അൽവിയുടെ പിതാവ് ഡോ.ഹബീബ് അൽവി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ദന്തഡോക്ടറായിരുന്നു.

ജിന്ന കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഡോ.ഹബീബ് അൽവി ഇന്ത്യ–പാക്ക് വിഭജനത്തോടെയാണു പാക്കിസ്ഥാനിലേക്കു കുടിയേറിയത്. കറാച്ചിയിൽ പ്രാക്ടീസ് തുടർന്നു.

1949ൽ ആണ് ആരിഫ് അൽവിയുടെ ജനനം. ലഹോറിലെ പഠനകാലത്താണ് ആരിഫ് രാഷ്ട്രീയത്തിലിറങ്ങിയത്. പട്ടാളമേധാവി അയൂബ് ഖാനെതിരെ പ്രതിഷേധിച്ച ജമാഅത്തെ ഇ‌സ്‌ലാമി വിദ്യാർഥിപ്രക്ഷോഭകരിൽ അൽവിയുമുണ്ടായിരുന്നു. സമരത്തിനിടെ വെടികൊണ്ട പാട് അദ്ദേഹത്തിന്റെ വലതുകയ്യിലുണ്ട്.

1996ൽ ആണ് അൽവി ഇമ്രാൻ ഖാനോടൊപ്പം പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നലെ പുറത്തുവിട്ട ഫലം അനുസരിച്ച് അൽവിക്കു ലഭിച്ചത് 352 വോട്ടുകൾ. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) സ്ഥാനാർഥി മൗലാന ഫസലുർ റഹ്മാനു 184 വോട്ടുകളും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി അയിത്‌സാസ് അഹ്സാനു 124 വോട്ടുമാണു ലഭിച്ചത്.അൽവി ഒൻപതിനു സ്ഥാനമേൽക്കും. 

പാക്കിസ്ഥാനിലെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മംനൂൻ ഹുസൈനും മുൻ പ്രസിഡന്റ് പർവേസ് മുഷറഫും അൽവിയെപ്പോലെ ഇന്ത്യൻ വേരുകളുള്ളവരാണ്. ഹുസൈന്റെ കുടുബം ആഗ്രയിൽനിന്നും മുഷറഫിന്റെ കുടുംബം ന്യൂഡൽഹിയിൽനിന്നും പാക്കിസ്ഥാനിലേക്കു കുടിയേറിയവരാണ്.