Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാളത്തിൽനിന്ന് കാട്ടാനയെ അകറ്റാൻ തേനീച്ച അലാം

aana-bee-alarm

ന്യൂഡൽഹി ∙ കാട്ടാനകളെ റെയിൽപാതകളിൽനിന്ന് അകറ്റാൻ തേനീച്ചയുടെ ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രവുമായി റെയിൽവേ. തേനീച്ചയുടെ മൂളൽ കേൾക്കുന്നിടത്തേക്ക് കാട്ടാനകൾ അടുക്കാറില്ല. ഒരു കിലോമീറ്റർവരെ തരംഗദൈർഘ്യം ഉള്ളതാണ് തേനീച്ചകളുടെ മൂളൽ. ഈ മൂളക്കം ആനകളുടെ തലയിൽ പ്രകമ്പനം തീർക്കും. ഉപകരണത്തിനു രണ്ടായിരം രൂപയാണു ചെലവ്. 600 മീറ്റർ ദൂരം വരെ ശബ്ദമെത്തും. ആനകളുടെ വഴിത്താരകൾക്കു പുറമെ, വനമേഖലയിലെ പാളങ്ങൾക്കു സമീപവും ഇവ സ്ഥാപിക്കും.

30 കൊല്ലം: ട്രെയിൻ കൊന്നത് 270 ആനകളെ

1987നും 2017നും ഇടയിൽ, മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്ത് ട്രെയിൻതട്ടി മരിച്ചത് 270 ആനകൾ. കഴിഞ്ഞ മൂന്നുവർഷം 50 ആനകൾ കൊല്ലപ്പെട്ടതായും വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. വടക്കുകിഴക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ ആനകൾ കൊല്ലപ്പെട്ടത് (31). തെക്കുകിഴക്കൻ റെയിൽവേ മേഖലയിൽ 10, ഉത്തര മേഖലയിൽ അഞ്ച്. 2017 ഫെബ്രുവരിയിൽ അസമിലെ ഹൊജായിയിൽ നാലു കാട്ടാനകൾ ട്രെയിൻതട്ടി മരിച്ചു. അസമിലെ സോനിത്പുരിൽ 2016 ഡിസംബറിൽ ഗർഭിണിയടക്കം അഞ്ചു കാട്ടാനകളും ട്രെയിനിടിച്ചു ചരിഞ്ഞു.

related stories