Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന: ടിഡിപിയുമായി കോൺഗ്രസ് ചർച്ച; ടിആർഎസിനെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യം

Chandrashekhar Rao

ന്യൂഡൽഹി∙ തെലങ്കാനയിൽ നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനു വഴിതെളിച്ച ടിആർഎസിനെ നേരിടാൻ ടിഡിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി യോജിക്കുന്നതിനുള്ള സാധ്യതകൾ തേടി കോൺഗ്രസ്. ടിഡിപിയുമായി ഇക്കാര്യത്തിൽ രഹസ്യ ചർച്ചകൾ നടത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തയാറെടുക്കുന്നുവെന്ന സൂചനകൾ കഴിഞ്ഞയാഴ്ച പുറത്തുവന്നതിനു പിന്നാലെ, പ്രതിപക്ഷ കൂട്ടായ്മയ്ക്കു കോൺഗ്രസ് നീക്കം ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി ആർ.സി.ഖുൻത്യയെയാണു പ്രതിപക്ഷ കക്ഷികളുമായുള്ള ആദ്യ ഘട്ട ചർച്ചകൾക്കായി പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തു ബിജെപി, ടിആർഎസ് ഒഴികെയുള്ള എല്ലാ കക്ഷികളുമായി കൈകോർക്കാൻ ഒരുക്കമാണെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. സിപിഎമ്മും ബിഎസ്പിയും അടക്കമാണിത്. സംസ്ഥാനത്തെ റെഡ്ഡി വിഭാഗവും പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങൾക്കൊപ്പം നിൽക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഒബിസി വിഭാഗത്തിനിടയിൽ ടിഡിപിക്കുള്ള സ്വാധീനം ഫലപ്രദമായി ഉപയോഗിച്ചാൽ ടിആർഎസിനെ പിടിച്ചുനിർത്താനാകും.

സംസ്ഥാനത്തെ 119 സീറ്റിൽ 90 എംഎൽമാർ ടിആർഎസിന് ഒപ്പമുണ്ട്. പ്രതിപക്ഷ വോട്ടുകൾ ചിതറിയതാണ് 2014ൽ ടിആർഎസിനു ഗുണം ചെയ്തതെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ഇതിനിടെ, ടിഡിപിയുമായി ആന്ധ്രയിലും ഐക്യത്തിനുള്ള സാധ്യതകൾ തേടണമെന്നു കോൺഗ്രസ് ദേശീയ ഘടകത്തിൽ ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും സംസ്ഥാന ഘടകം എതിരാണ്.

related stories