ആരോഗ്യം മോശമായി; ഹാർദിക്കിനെ ആശുപത്രിയിലാക്കി

അഹമ്മദാബാദ്∙ കാർഷിക കടാശ്വാസവും പട്ടേൽ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടു 14 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം തുടരുമെന്നു പട്ടേൽ സംവരണപ്രക്ഷോഭ സമിതി അറിയിച്ചു.

നിരാഹാരത്തോടു സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടർന്നു ജലപാനവും കഴിഞ്ഞ ദിവസം ഹാർദിക് നിർത്തിവച്ചിരുന്നു. ഹാർദിക്കിന്റെ സമരം കോൺഗ്രസിന്റെ കളിയാണെന്നു കുറ്റപ്പെടുത്തിയ ബിജെപി സർക്കാർ സമരം അവസാനിപ്പിക്കാൻ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല.

സർക്കാർ ഇടപെടാത്തപക്ഷം നിരാഹാരം നടത്തുമെന്നും കാർഷിക പ്രശ്നങ്ങളിൽ ഹാർദിക് ഉയർത്തുന്ന ആവശ്യങ്ങൾ പരിഗണിക്കണമെന്നും കോൺഗ്രസ് പ്രസ്താവിച്ചു. ഹാർദിക്കിന്റെ സമരത്തെ മുൻനിർത്തി വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്. ബിജെപി വിരുദ്ധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ ഹാർദിക്കിനു പിന്തുണയുമായി എത്തിയിരുന്നു.