Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടികവിഭാഗ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

PTI1_12_2018_000153A

ന്യൂഡൽഹി ∙ പാർലമെന്റ് പാസാക്കിയ പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ ഭേദഗതികൾ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യാനാകില്ലെന്നു സുപ്രീം കോടതി. എന്നാൽ, നിയമത്തിന്റെ പോരായ്മകൾ പരിഹരിക്കാതെയാണു സർക്കാർ ഭേദഗതി കൊണ്ടുവന്നതെന്നു കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്രത്തിനു നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ അസാധുവാക്കണമെന്ന ആവശ്യമുന്നയിച്ച് ഒട്ടേറെ ഹർജികളാണു സുപ്രീം കോടതിക്കു മുന്നിലെത്തിയത്. നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റ് ഓഗസ്റ്റ് 9നു ഭേദഗതി ബിൽ പാസാക്കിയിരുന്നു. പട്ടികവിഭാഗ പീഡന നിരോധന നിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണു മാർച്ചിൽ സുപ്രീം കോടതി ഇടപെടൽ നടത്തിയത്.

വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തിൽത്തന്നെ നിലനിൽക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളിൽ ഉടൻ അറസ്റ്റ് നിബന്ധന ബാധകമല്ലെന്നും ഇത്തരം കേസുകളിൽ മുൻകൂർജാമ്യം നിഷേധിക്കരുതെന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നത്.

related stories