Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ഭരണം കൈമുതൽ, ബിജെപിക്ക് ബദലില്ല: അമിത് ഷാ

Amit Shah

ന്യൂഡൽഹി∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കു ബദലില്ലെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ. പാർട്ടി ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ചർച്ചാവിഷയങ്ങൾ നിർവാഹക സമിതിക്കു മുന്നിൽ വച്ചെങ്കിലും അമിത് ഷാ രണ്ടു വിഷയങ്ങൾ സ്പർശിച്ചില്ല: രൂപയുടെ വിലയിടിവും പെട്രോൾ, ഡീസൽ വിലക്കയറ്റവും. സമ്പദ്‌വ്യവസ്ഥ മുന്നേറുന്നതു കണ്ടു പ്രതിപക്ഷം നി‌രാശരാണെന്ന് ‌അദ്ദേഹം വാദിച്ചു; ബിജെപി ഇന്ത്യയെ നിർമിക്കുമ്പോൾ (മെയ്ക്കിങ് ഇന്ത്യ) കോൺഗ്രസ് ഇന്ത്യയെ തകർക്കുക (ബ്രേക്കിങ് ഇന്ത്യ)യാണെന്നും. ഇന്നു വൈകിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ യോഗം സമാപിക്കും.

അമിത് ഷായുടെ പ്രസംഗത്തിൽ നിന്ന്:

∙ പാർട്ടി 19 സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ശക്തം. ബംഗാൾ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അനുകൂല സാഹചര്യം രൂപപ്പെടുന്നു.

∙ മഹാസഖ്യം മായ, ഭ്രമം. കളവ് അടിത്തറയായുള്ള സഖ്യം യാഥാർഥ്യമാവില്ല.

∙ മികവുറ്റ ഭരണമാണു ബിജെപിയുടെ കൈമുതൽ. ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തണം. കർഷകർക്ക് ഒന്നരയിരട്ടി താങ്ങുവില ലഭിച്ചു തുടങ്ങിയത്, ആയുഷ്മാൻ ഭാരത്, ഒബിസി കമ്മിഷനു ഭരണഘടനാ പദവി, സാമ്പത്തിക വളർച്ച, ആദായനികുതിദായകരുടെ സംഖ്യ ഗണ്യമായി ഉയർന്നത് എന്നിവയെല്ലാം ജനങ്ങളിലെത്തണം.

∙ നഗര വിപ്ലവകാരികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നതു വോട്ട് ബാങ്കിൽ കണ്ണുവച്ചാണ്. അവർക്കെതിരെ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം അഭിനന്ദനീയം.

∙ മുത്തലാഖ് മിക്കവാറും മുസ്‌ലിം രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. മു‌സ്‌ലിം വനിതകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായ ബിൽ രാജ്യസഭയിൽ കുടുങ്ങിയതിനു കാരണം കോൺഗ്രസ്.

1000 റാലികൾ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ വർഷം രാ‌ജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 റാലി നടത്താൻ ബിജെപി തയാറെടുക്കുന്നു. പ്രധാന നേ‌താക്കളെയെല്ലാം അണിനിരത്തിയായിരിക്കും റാലികൾ. ‌നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങൾക്കായിരിക്കും മുൻഗണന.

വാജ്പേയിയെ അനുസ്മരിച്ചു, അഡ്വാനിക്കും ആദരം

പാർട്ടി കെട്ടിപ്പടുക്കാൻ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാ‌ജ്പേയി നൽകിയ സംഭാവനകൾ അമിത് ഷാ എടുത്തുപറഞ്ഞു. രണ്ടംഗ പാർട്ടിയിൽനിന്ന് ഇന്ത്യ ഭരിക്കുന്ന രാ‌‌ഷ്ട്രീയകക്ഷിയായി ബിജെപിയെ വളർത്തുന്നതിൽ എൽ.കെ. അഡ്വാനി നൽകിയ സംഭാവനകളും അനുസ്മരിച്ചു.

കേരളത്തിനു പിന്തുണ

കേരളത്തിൽ പ്രള‍യദുരന്തത്തിനിരയായവർക്കു പരമാവധി സഹായമെത്തിക്കാൻ ബിജെപി പ്രവർത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടു. ദുരന്തത്തിനു പിന്നാലെ നാലു ട്രെയിൻ ദുരിതാശ്വാസ സാമഗ്രികളാണു ‌പാർട്ടി സംസ്ഥാനത്തു വിതരണം ചെയ്തത്. ദുരിതകാലത്തു പ്രവ‌ർത്തകരെല്ലാം കൈമെയ് മറന്നു പ്രവർത്തിച്ചു. സംസ്ഥാനത്തി‌ന്റെ പ്രതാപം വീണ്ടെടുക്കാൻ കഠിനാധ്വാനം തുട‌‌‌രുക– അദ്ദേഹം ആവശ്യപ്പെട്ടു.

പിടികൂടുക, ചിദംബരം ആൻഡ് കമ്പനിയെ!

ബിജെപിയുടെ മുഖ്യവിമർശകനായ പി. ചിദംബരത്തെയും ‘കമ്പനി’യെയും വെറുതെ വിടരുതെന്നു പാർട്ടി പ്രവർത്തകരോട് അമിത് ഷായുടെ ആ‌ഹ്വാനം. എല്ലാ മുഖ്യവിഷയങ്ങളെയും കുറിച്ചു വസ്തുതകൾ ശേഖരിക്കുക, അതിന്റെ അടിസ്ഥാനത്തിൽ രാജ്യമെങ്ങും ‌ചിദംബരത്തെയും കൂട്ടരെയും വെല്ലുവിളിക്കുക– അദ്ദേഹം ആവശ്യപ്പെട്ടു.

എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് വിമർശിച്ചതിനോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: മൻമോഹൻ സിങ് കോൺഗ്രസിന്റെ പി‌ന്നാലെ പോകുന്നു, പ്ര‌​‌‌ധാനമന്ത്രി നരേന്ദ്ര മോദി പാർട്ടിയെ നയിക്കുന്നു.

കേരള ജനറൽ സെക്രട്ടറിമാർ തുടരുമോ?

സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കുമ്പോൾ ജനറൽ സെക്രട്ടറിമാർ തുടരുമോ? കോർ കമ്മിറ്റി ഇ‌തിന് അനുകൂല നിലപാടാണു ‌സ്വീകരിച്ചതെന്ന വാർത്ത സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നിഷേധിച്ചു. എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരാണു നിലവിൽ ജനറൽ സെക്രട്ടറിമാർ.

കേരളസംഘം

നിർവാഹക സമിതിയിൽ പങ്കെടുക്കുന്ന കേരള പ്രതിനിധികൾ: സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എംഎൽഎ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, വി.മുരളീധരൻ എംപി, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറിമാരായ എം. ഗണേശൻ, കെ. സുഭാഷ്.