Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുക്കൾക്ക് ആധിപത്യ മോഹമില്ല: ആർഎസ്എസ്

mohan-bhagawat-hindu-congress ഷിക്കാഗോയിൽ ലോക ഹിന്ദു കോൺഗ്രസിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പ്രസംഗിക്കുന്നു.

ഷിക്കാഗോ∙ ഹിന്ദുക്കൾക്ക് ആധിപത്യ മോഹമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. 1893ൽ ഇവിടെ നടന്ന ലോക മതപാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിന്റെ 125–ാം വാർഷികനാളിൽ കൂടിയ ലോക ഹിന്ദു കോൺഗ്രസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘സിംഹം ഒറ്റയ്ക്കാണെങ്കിൽ കാട്ടുനായ്ക്കൾക്ക് ആക്രമിച്ചു കൊല്ലാൻ കഴിയും. അതു മറക്കരുത്. ലോകത്തെ നന്നാക്കാനാണ് നമ്മുടെ ആഗ്രഹം. നമുക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ കോളനിവൽക്കരണത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനം.’– അദ്ദേഹം പറഞ്ഞു. ‘ലോകത്തെ ഒറ്റ സംഘമാക്കി മാറ്റാൻ അഹന്ത നിയന്ത്രിക്കുകയും അഭിപ്രായസമന്വയത്തിന്റെ പാത സ്വീകരിക്കുകയുമാണ് വേണ്ടത്. അത്തരമൊരു സാഹചര്യത്തിലാണ് നാം.

പ്രഗത്ഭമതികൾ ഏറ്റവുമധികം ഉള്ളത് ഹിന്ദുസമൂഹത്തിലാണ്. എന്നാൽ അവർ ഒരിക്കലും ഒരുമിക്കുന്നില്ല. ഒന്നിക്കാനായി എല്ലാവരും ഒരേ കുടക്കീഴിൽ വരണമെന്നില്ല’– അദ്ദേഹം ചൂണ്ടിക്കാട്ടി. ‘താൻ ആധുനികതയുടെ എതിരാളിയല്ല. ഭാവിയുടെ അനുഭാവിയാണ്. ഹിന്ദുധർമം ഒരേ സമയം പൗരാണികവും ആധുനികാനന്തരവുമാണ്. സമൂഹമെന്ന നിലയിൽ യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഹിന്ദുസമുദായത്തിന് അഭിവൃദ്ധിയുണ്ടാകൂ. ഹിന്ദുക്കൾ ആരെയും എതിർക്കുന്നില്ല. കീടങ്ങളെ പോലും കൊല്ലില്ല. അതിനെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മളെ എതിർക്കുന്നവരുണ്ട്. ഉപദ്രവിക്കാതെ അവരുമായി ഇടപെടുക – ഭഗവത് പറഞ്ഞു.

2500 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്ബലെ, ഹിന്ദു കോൺഗ്രസ് അധ്യക്ഷൻ എസ്.പി. കോത്താരി, കോ–ഓർഡിനേറ്റർ അഭയ അസ്താന, നടൻ അനുപം ഖേർ, സുരിനാം റിപ്പബ്ലിക് വൈസ് പ്രസിഡന്റ് അശ്വിൻ അധിൻ എന്നിവർ പ്രസംഗിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഇന്നു പങ്കെടുക്കും. സമ്മേളനത്തിൽ കടന്നുകയറിയ ആറു പേർ മുദ്രാവാക്യങ്ങൾ ഉയർത്തിയെങ്കിലും അവരെ നീക്കം ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടു സ്ത്രീകളെ പിന്നീടു വിട്ടയച്ചു.

related stories