Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ പദ്ധതി: 9 കോടി പ്രവർത്തകരിലൂടെ 22 കോടി വീടുകളിലെത്തുക

BJP Logo

ന്യൂഡൽഹി ∙ ഒൻപതു കോടി സജീവ പ്രവർത്തകർ മുഖേന രാജ്യത്തെ എല്ലാ കുടുംബങ്ങളിലും പാർട്ടിയുടെ സന്ദേശമെത്തിക്കാനുള്ള പ്രവർത്തന തന്ത്രം ബിജെപി ദേശീയ നിർവാഹക സമിതി അംഗീകരിച്ചു. ഒൻപതു കോടി പ്രവർത്തകരുടെയും മേൽവിലാസങ്ങളും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങളും പാർട്ടിയുടെ പക്കലുണ്ട്. അവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതു വഴി പ്രചാരണത്തിൽ എതി‌രാളികളെ ബഹുദൂരം പിന്നിലാക്കാമെന്നാണു വില‌‌യിരുത്തൽ. പാർട്ടിയുടെ അടിയന്തര സന്ദേശമെത്തേണ്ട 22 കോടി കുടുംബങ്ങ‌ളുടെ പട്ടികയും തയാറാണ്. പാർട്ടി അധ്യക്ഷൻ അമിത് ഷായാണു പ്രവർത്തനതന്ത്രം സമിതിക്കു മുന്നിൽ വച്ചത്. തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകാൻ അ‌ദ്ദേഹം നേരത്തേ എ‌ല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു.

അമിത് ഷായുടെ പ്രവർത്തന തന്ത്രം

∙ 2014നു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതു 300 ലോക്സഭാ മണ്ഡലങ്ങൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മു‌ൻപ് ശേഷിക്കുന്ന മണ്ഡലങ്ങൾ കൂടി സന്ദർശി‌ക്കും; വിവിധ കേന്ദ്രങ്ങളിൽ വൻ റാലികൾ നടത്തും.

∙ കേരളം, ബംഗാൾ, ആന്ധ്ര, തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടി സജീവ ശ്രദ്ധ ചെലുത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കു‌റയാനിടയുള്ള സീറ്റുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കണ്ടെത്തും.

∙ ഓരോ പോളിങ് ബൂത്തും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാക്കും. അതിന് ഓരോ ബൂത്തിന്റെ ചുമതലയിലും സജീവപ്രവർത്തകരെ നിയോഗിക്കും.

∙ പാർട്ടിക്കുള്ള സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ബൂത്തുകൾ നാലായി തരംതിരിച്ചിട്ടുണ്ട്.

∙ ഓരോ പ്രദേശത്തും പാർട്ടിയോട് അനുഭാവം കാട്ടാനിടയുള്ളവരെ കൂടെനിർത്താൻ പ്രാദേശിക തന്ത്രങ്ങൾക്കു രൂപംനൽകും.