Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് കിരണിനെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ; ജഡം കണ്ടെത്തി

siddharth-sanghavi സിദ്ധാർഥ് കിരൺ സാംഘ്‌വി

മുംബൈ ∙ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് കിരൺ സാംഘ്‌വി (39) യുടെ കൊലപാതകം പണം തട്ടാനുള്ള ശ്രമത്തിനിടെയെന്നു പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കല്യാണിൽ കണ്ടെത്തി. ഞായറാഴ്ച അറസ്റ്റിലായ നവിമുംബൈ കോപ്പർഖൈർണെ നിവാസിയായ ടാക്സി ഡ്രൈവർ റായിസ് എന്ന സർഫറാസ് ഷെയ്ഖ് (20) ആണു കൊല നടത്തിയത്. 

ലോവർ പരേലിലെ കമല മിൽസ് പരിസരത്തെ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർക്കിങ് മേഖലയിൽവച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനു സിദ്ധാർഥ് വഴങ്ങാതിരുന്നപ്പോൾ  കത്തി ഉപയോഗിച്ചു കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സിദ്ധാർഥ് ബഹളംവച്ചതോടെയായിരുന്നു ആക്രമണം. 

തൊഴിൽപരമായ അസൂയയാണു കൊലപാതകത്തിനു കാരണമെന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ സഹപ്രവർത്തകരിൽ ചിലർ ആസൂത്രണം ചെയ്തതാണെന്നും ആദ്യം പറഞ്ഞ പൊലീസ് തന്നെ പിന്നീട് അതു തിരുത്തുകയായിരുന്നു.  

കുത്തേറ്റുവീണ സിദ്ധാർഥ് സാംഘ്‌വിയെ അദ്ദേഹത്തിന്റെ തന്നെ കാറിൽ കയറ്റി കല്യാണിലെ ഹാജി മലംഗ് തീർഥാടനകേന്ദ്രത്തിനു സമീപത്ത് ആളൊഴിഞ്ഞ മേഖലയിൽ ഉപേക്ഷിച്ചശേഷം കോപ്പർഖൈർണെയിലെ താമസസ്ഥലത്തേക്ക് അതേ കാറിൽ സർഫറാസ് മടങ്ങി. 

കെട്ടിടനിർമാണ പദ്ധതികളുടെ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കും പോകാറുള്ള ഇയാൾ എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലും ഇതേ ജോലി ചെയ്തിട്ടുള്ളതിനാൽ സ്ഥലപരിചയമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.  19 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ലോവർ പരേലിലെ ഓഫിസിൽ നിന്നിറങ്ങിയ സിദ്ധാർഥ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വീട്ടിൽ എത്താതിരിക്കുകയും ഫോണിലും കിട്ടാതെ വരികയും ചെയ്തതോടെ ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു. 

വ്യാഴാഴ്ച രാവിലെ നവിമുംബൈയിലെ കോപ്പർഖൈർണ മേഖലയിൽ സിദ്ധാർഥിന്റെ കാർ രക്തക്കറകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതു വഴിത്തിരിവായി. തുടർന്നുളള അന്വേഷണമാണു പ്രതിയെ കുടുക്കിയത്.

related stories