റഫാൽ: സർക്കാരിനെതിരെ യശ്വന്ത് സിൻഹയും കൂട്ടരും

ന്യൂഡൽഹി ∙ അഴിമതിക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചേരുംപടി ചേർത്തതാണു റഫാൽ ഇടപാടെന്ന നിരീക്ഷണത്തോടെ സർക്കാരിന്റെ വിമർശകരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ വീണ്ടും രംഗത്ത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുക, സ്വയം രക്ഷപ്പെടാൻ സർക്കാർ നിരത്തുന്ന കള്ളങ്ങളുടെ വലയിൽ അവർ തന്നെ കുടുങ്ങും. ബൊഫോഴ്സിൽ എന്തു സംഭവിച്ചോ അത് ഇവിടെയും സംഭവിക്കും – അവർ പറഞ്ഞു.

∙ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ പുറത്താക്കിയ‌തോടെ കരാറിനു വിശ്വാസ്യത നഷ്ടപ്പെട്ടു.

∙ ഇടത്തട്ടുകാരില്ലെന്ന തൊടുന്യായം ഇടപാടിനെ ശുദ്ധീകരിക്കില്ല.

∙ പ്രതിരോധ ഇടപാടുകളിൽ പിന്തുടരേണ്ട നടപടിക്രമങ്ങൾ പാലി‌ക്കപ്പെട്ടില്ല

∙ പ്രധാനമന്ത്രി കരാറിൽ ഏർപ്പെടുംവരെ പ്രതിരോധമന്ത്രിയിൽ നിന്നുപോലും രഹസ്യമാക്കി വച്ചു

∙ റില‍യൻസിനു വഴിവിട്ട സഹായമായിരുന്നു ഇടപാടിന്റെ മുഖ്യലക്ഷ്യം

∙ ഇന്ത്യയ്ക്കു മാത്രമുള്ള സവിശേഷ സാങ്കേതിക സംവിധാനങ്ങൾ വഴി വില വർധിച്ചുവെന്നത് അംഗീകരിക്കാനാവില്ല. മറ്റു രാജ്യങ്ങൾ ഇട‌പാടു നടത്തുന്നതും അവർക്കു യോജിച്ച സവിശേഷതകൾ ഉൾപ്പെടുത്തിയാണ്. കരാർ പരസ്യപ്പെടുത്തിക്കൊണ്ട് ആരോപണങ്ങൾക്കു മറുപടി നൽകാൻ നേതാക്കൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുൻകൂർ തീരുമാനിച്ച വ്യ‌വസ്ഥകൾ ഉൾപ്പെടുത്തിയാണു കരാറിലേർപ്പെട്ടതെന്നു സൂചിപ്പിക്കുന്ന രേഖകളും അവർ പുറത്തുവിട്ടു.