Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിൽ കോൺഗ്രസ് – ടിഡിപി സഖ്യത്തിലേക്ക്; സിപിഎമ്മിനെ ഒപ്പം നിർത്താനും അണിയറ നീക്കം

Election

ന്യൂഡൽഹി∙ തെലങ്കാനയിൽ പ്രതിപക്ഷ ഐക്യത്തിനു കൈകോർത്ത് കോൺഗ്രസ്– ടിഡിപി– സിപിഐ കക്ഷികൾ. നിയമസഭാ തിരഞ്ഞടുപ്പിൽ ടിആർഎസ്സിനെ ഒറ്റക്കെട്ടായി നേരിടാൻ ഇവർ പ്രാഥമിക ധാരണയിലെത്തി. തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എൻ. ഉത്തം കുമാർ റെ‍‍ഡ്ഡി, തെലങ്കാന ടിഡിപി മേധാവി എൽ. രമണ, സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ വെങ്കട്ട് റെഡ്ഡി എന്നിവർ തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ഐക്യ ധാരണ രൂപപ്പെട്ടത്.

ടിഡിപി മേധാവിയും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവും കോൺഗ്രസ് ഹൈക്കമാൻഡും പച്ചക്കൊടി കാണിക്കുന്ന മുറയ്ക്ക് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവും. പരമ്പരാഗത ശത്രുക്കളായ കോൺഗ്രസും ടിഡിപിയും ഇതാദ്യമായാണു സഖ്യത്തിനൊരുങ്ങുന്നത്. സീറ്റ് വിഭജന ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ ‘മനോരമ’യോടു പറഞ്ഞു.

സഖ്യത്തിൽ കോൺഗ്രസിനായിരിക്കും മേൽക്കൈ എന്നാണു സൂചന. സംസ്ഥാനത്തുള്ള സ്വാധീനം ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസ് അവകാശവാദമുന്നയിക്കും. പൊതുമിനിമം പരിപാടിക്കു രൂപം നൽകും. വിവിധ കക്ഷികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നു മികച്ചവ ഉൾപ്പെടുത്തി പ്രതിപക്ഷ സഖ്യത്തിന്റെ പൊതു പ്രകടനപത്രിക പുറത്തിറക്കും. സിപിഎം, തെലങ്കാന ജനസമിതി (ടിജെഎസ്) എന്നിവയെയും പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണ്.

കോൺഗ്രസ് തന്ത്രജ്ഞൻ അഹമ്മദ് പട്ടേൽ സിപിഎം ദേശീയ നേതൃത്വവുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചു. ഭരണകക്ഷിയായ ടിആർഎസ്സിനെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നും സിപിഎം സ്വന്തം നിലയിൽ മൽസരിക്കുന്നതു മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനു ഗുണം ചെയ്യുമെന്നുമാണു കോൺഗ്രസിന്റെ വാദം. 

∙ എൽ. രമണ (ടിഡിപി തെലങ്കാന മേധാവി): തെലങ്കാനയിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മഹാപ്രതിപക്ഷ സഖ്യത്തിനു ഞങ്ങൾ ഒരുക്കമാണ്

∙ എൻ. ഉത്തം കുമാർ റെഡ്ഡി (തെലങ്കാന കോൺഗ്രസ് പ്രസിഡന്റ്): ടിആർഎസ്സിന്റെ ദുർഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾ കൈകോർക്കും

∙ കെ.ടി.രാമറാവു (സംസ്ഥാന മന്ത്രി, മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൻ): പ്രതിപക്ഷ കക്ഷികളുടെ അവസരവാദ കൂട്ടായ്മയ്ക്കെതിരെ പൊരുതാൻ ടിആർഎസ് തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.