Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില കുറയ്ക്കില്ല; ഒറ്റമൂലികളുമായി കേന്ദ്രം

Petrol

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ല. പകരം കരിമ്പിൽനിന്നു പഞ്ചസാര ഉൽപാദനം കുറച്ച് പെട്രോളിൽ ചേർക്കാനുള്ള എഥനോളിന്റെ ലഭ്യത കൂട്ടാനും സമ്പൂർണ റെയിൽവേ വൈദ്യുതീകരണത്തിലൂടെ ഡീസൽ ലാഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്തു നിലവിലുള്ള എണ്ണപ്പാടങ്ങളിൽനിന്നു കൂടുതൽ ഇന്ധനം ഉൽപാദിപ്പിക്കാനും ശ്രമിക്കും.

അനുദിനം ഇന്ധനവില കൂടുന്നതിനെയും രൂപയുടെ വിലയിടിയുന്നതിനെയും കുറിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ചർച്ചചെയ്തില്ലെന്ന് പെട്രോളിയം ‌മന്ത്രി ധർമേന്ദ്ര പ്രധാനും റെയിൽവേ മന്ത്രി പീയൂഷ് ഗോയലും വെളിപ്പെടുത്തി. കൂടുതൽ ചോദ്യങ്ങളോടു പ്രതികരിക്കാൻ അവർ തയാറായില്ല. പ്ര‌തിസന്ധിയിൽനിന്നു കരകയറാൻ സർക്കാരിന്റെ പക്കൽ അടിയന്തര മാ‌ർഗങ്ങളില്ലെന്നു കൂടിയാണ് വ്യക്തമാകുന്നത്.

പഞ്ചസാര മില്ലുകളും കരിമ്പുകർഷകരും നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാണ് പഞ്ചസാര ഉൽപാദനം കുറയ്ക്കാനും എഥനോൾ ഉൽപാദനം കൂട്ടാനുമുള്ള പ്രോത്സാഹന പദ്ധതി. രാജ്യത്ത് പഞ്ചസാര ഇപ്പോൾ ആവശ്യത്തിലേറെയാണ്.

പഞ്ചസാരയ്ക്ക് പകരം എഥനോൾ

ബി ഹെവി മൊളാസസിൽനിന്ന് വേർതിരിച്ച് മില്ലിനു പുറത്തെത്തുന്ന എഥനോൾ ലീറ്ററിന് വില 52.43 രൂപയാക്കി. നിലവിൽ 47.13 രൂപയാണു വില. 100% കരിമ്പുനീരിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എഥനോളിന് 59.13 രൂപ ലഭിക്കും.

തീരുമാനം കൊണ്ടുള്ള പ്രയോജനം

∙ എഥനോളിന്റെ ലഭ്യത കൂടും. ആവ‌ശ്യത്തിലേറെയുള്ള പഞ്ചസാര ഉൽപാദനം കുറയും.

∙ കൂടുതൽ എണ്ണ ശുദ്ധീകരണശാലകൾ എഥനോൾ മിശ്രിതപെട്രോൾ പദ്ധതിയിൽ (ഇബിപി) പങ്കാളികളാകും.

∙ കരിമ്പുകർഷക‌ർക്കു കുടിശിക കിട്ടും.

∙ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാം.

സമ്പൂർണ റെയിൽവേ വൈദ്യുതീകരണം

ബ്രോഡ് ഗേജ് റൂട്ടുകൾ 100% വൈദ്യുതീകരിക്കാനാണ് ‌തീരുമാനം. വൈദ്യുതീകരണം പൂർത്തിയായാൽ പ്രതിവർഷം 13,510 കോടി രൂപയുടെ ഡീസൽ ലാഭിക്കാനാവും. ഇതിനു 12,134.50 കോടി രൂപ ചെലവ് വരുമെന്നതു മറുവശം. റെയിൽവേയുടെ 108 സെക്‌ഷനുകളും 13,675 കിലോമീറ്ററുമാണ് വൈ‌ദ്യുതീകരിക്കാനുള്ളത്. 20121–22ൽ പൂർ‌ത്തീകരിക്കാൻ ശ്രമം.

കൂടുതൽ കാ‌ര്യക്ഷമമായ ‌സാങ്കേതികവിദ്യയിലൂടെ എണ്ണ, പ്രകൃതിവാതക പാരമ്പര്യേതര ഹൈഡ്രോ കാ‌‌ർബൺ ഉൽ‌പാദനം ‌കൂട്ടാനാണ് മൂന്നാം തീരുമാനം. ഉൽപാദനം 5% കൂട്ടാനായാൽ 20 വർഷം കൊണ്ട് 1200 ലക്ഷം ടൺ എണ്ണ അധികം ഉൽപാദിപ്പിക്കാം; 3% വാതക ഉൽപാദനം കൂട്ടുന്നതുവഴി 52 ബില്യൺ ക്യുബിക് മീറ്റർ വാതകവും.