Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

800 രൂപയുടെ പേരിൽ കൊല്ലാൻ ശ്രമിച്ചു...; സിദ്ധാർഥ് കിരണിന്റെ കൊലയാളിക്കെതിരെ അയൽവാസി

Siddharth Kiran Sanghavi സിദ്ധാർഥ് കിരൺ സാംഘ്‌വി

മുംബൈ∙ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് കിരൺ സാംഘ്‌വിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സർഫറാസ് ഷെയ്ഖ് 800 രൂപയുടെ തർക്കത്തിൽ തന്നെ കൊലപ്പെടുത്താൻ ഒരിക്കൽ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി അയൽവാസി. നവിമുബൈ കോപ്പർഖൈർണെയിൽ മാമു മൻസിൽ കെട്ടിടത്തിലെ ഒറ്റമുറിവീട്ടിൽ മറ്റു രണ്ടു പേർക്കൊപ്പം വാടകക്കാരനാണു സർഫറാസ്.  അടുത്തു താമസിച്ചിരുന്ന മേഹ്‌രാജ് ഷായാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മേഹ്‌രാജ് ഷാ പറയുന്നു: കെട്ടിടനിർമാണ രംഗത്തു ജോലി ചെയ്തിരുന്ന സർഫറാസ് മരപ്പണിക്കാരെ ആരെയെങ്കിലും പരിചയമുണ്ടോയെന്നു ചോദിച്ച് എത്തിയപ്പോൾ എന്റെ അമ്മാവനെ അയാൾക്കു പരിചയപ്പെടുത്തി. അമ്മാവനുമായി കെട്ടിട നിർമാണ സ്ഥലത്തു പോയ അയാൾ ജോലികൾ തീർന്നപ്പോൾ 800 രൂപ പിടിച്ചുവച്ചു.

ഇൗ തുക സർഫറാസിൽ നിന്നു വാങ്ങിത്തരാൻ ആവശ്യപ്പെട്ട് അമ്മാവൻ നിരന്തരം ആവശ്യപ്പെട്ടു. തുക ചോദിക്കുമ്പോഴെല്ലാം അവഗണിച്ചതിനെ തുടർന്ന് അയാളുടെ ഒപ്പം താമസിച്ചവരിൽ നിന്നു 800 രൂപ ഞാൻ വാങ്ങി. ആ പണം സർഫറാസിൽ നിന്ന് ഇൗടാക്കിക്കൊള്ളാനും അവരോടു പറഞ്ഞു. ഇക്കാര്യം അറിഞ്ഞ സർഫറാസ് തന്റെ മുറിയിൽ അതിക്രമിച്ചു കയറി ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് ബാൽക്കണിയിൽ എത്തിച്ച് നാലാം നിലയിൽ നിന്നു തള്ളിയിടാൻ ശ്രമിച്ചു. മറ്റ് അയൽവാസികൾ ഓടിവന്നു തടഞ്ഞതിനാലാണ് രക്ഷപ്പെട്ടത്.

ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ ∙ സർഫറാസ് ഷെയ്ഖിനെ പൊലീസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കൊല്ലപ്പെട്ട സിദ്ധാർഥ് സാംഘ്‌വിയുടെ ശരീരത്തിൽ 13 കുത്താണ് ഏറ്റിട്ടുള്ളത്. കഴുത്തിലും ആഴത്തിൽ മുറിവുണ്ടെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും കുത്തേറ്റു. പെട്ടെന്ന് ഇത്ര രൂക്ഷമായി ആക്രമിക്കുകയും ബോധരഹിതനായി വീണ സിദ്ധാർഥിനെ കാറിൽ കയറ്റി എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർക്കിങ് മേഖലയിൽ നിന്നു മറ്റാരും കാണാതെ രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ, ഒറ്റയ്ക്ക് ഇതു ചെയ്യാനാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പോസ്റ്റ് മോർട്ടം നടത്തിയ സംഘവും ഒന്നിലേറെപ്പേർ ആക്രമണത്തിൽ പങ്കെടുത്തതിനുള്ള സാധ്യതകൾ തള്ളാനാകില്ലെന്നാണു സൂചിപ്പിക്കുന്നത്.

ഫിറ്റ്നസ് ഭ്രമം

മുംബൈ ∙ ഒരു വർഷം മുൻപാണ് സർഫറാസിനു വീടു വാടയ്ക്കു നൽകിയതെന്ന് കോപ്പർഖൈർണെയിലെ വീട്ടുടമ പറഞ്ഞു. കരാറിൽ ഡൽഹിയിൽ നിന്നുള്ള ആളാണെന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ മാസമൊഴികെ ഒരിക്കലും വാടക മുടക്കിയിട്ടില്ല. ശാരീരികക്ഷമതയിൽ ഏറെ ശ്രദ്ധിച്ചിരുന്ന ആളാണെന്നും ജിമ്മിൽ പോയി രാത്രി ഏറെ വൈകിയാണു വീട്ടിൽ എത്താറുള്ളതെന്നും വീട്ടുടമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.