Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 ദിവസത്തിനകം എന്തും സംഭവിക്കാമെന്ന് കോൺഗ്രസ് മുൻ മന്ത്രി; ആശങ്ക; ‘കൈ’ ചോരുമോ?

karnataka-MLAs

ബെംഗളൂരു ∙ സഖ്യസർക്കാരിനും കോൺഗ്രസിനും വീണ്ടും തലവേദനയായി പാർട്ടിയിലെ വിഭാഗീയത. ചില എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, 15 ദിവസത്തിനകം സംസ്ഥാന രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ സതീഷ് ജാർക്കിഹോളി തുറന്നടിച്ചു.

12 എംഎൽഎമാർ തന്റെ സഹോദരനും മുനിസിപ്പൽ മന്ത്രിയുമായ രമേഷ് ജാർക്കിഹോളിക്കൊപ്പമുണ്ടെന്നു സതീഷ് അവകാശപ്പെട്ടു. എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന പ്രചാരണം  പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും നിഷേധിച്ചെങ്കിലും ഇരുവരും ജാർക്കിഹോളി സഹോദരന്മാരുമായി ചർച്ച നടത്തി. അതിനിടെ, സഖ്യസർക്കാരിനു ഭീഷണിയില്ലെന്നും അഞ്ചു ബിജെപി എംഎൽഎമാരെ ദിവസങ്ങൾക്കുള്ളിൽ രാജിവയ്പിക്കാൻ തനിക്കു സാധിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെട്ടു.

ചില കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ടു തങ്ങൾക്കൊപ്പം ചേരുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബെളഗാവിയിൽ ശക്തമായ സ്വാധീനമുള്ള ജാർക്കിഹോളി സഹോദരൻമാർ രാജിഭീഷണി മുഴക്കിയെന്ന വാർത്തകൾ പുറത്തു വന്നത്. ബെളഗാവിയിൽ തങ്ങളുടെ സ്വാധീനം കുറയ്ക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുവെന്നതാണ് ഇവരുടെ പ്രധാന പരാതി. ഇവരുടെ മറ്റൊരു സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളി ബിജെപി എംഎൽഎയാണ്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ രമേഷ് ജാർക്കിഹോളിക്കു മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും സതീഷ് ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആഗ്രഹിച്ച  പിസിസി അധ്യക്ഷസ്ഥാനവും നിരസിക്കപ്പെട്ടതോടെ സതീഷ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. ഈയിടെ നടന്ന പ്രൈമറി ലാൻഡ് ഡവലപ്മെന്റ് ബാങ്ക് (പിഎൽഡി) തിരഞ്ഞെടുപ്പിൽ ബന്ധുവും ബെളഗാവി റൂറലിൽനിന്നുള്ള പാർട്ടി എംഎൽഎയുമായ ലക്ഷ്മി ഹെബ്ബാൾക്കറിൽ നിന്നുണ്ടായ തിരിച്ചടി പ്രശ്നം വഷളാക്കി. 

ലക്ഷ്മിയുടെ വിഭാഗം ജയിച്ചതു ജലവിഭവമന്ത്രി ഡി.കെ.ശിവകുമാറിന്റെ ഇടപെടൽ മൂലമാണെന്നായിരുന്നു ആരോപണം.

ബി.ശ്രീരാമുലു ഉൾപ്പെടെ ബിജെപിയിലെ പ്രമുഖ നേതാക്കളുമായി സതീഷ് അടുത്ത സമ്പർക്കം പുലർത്തുന്നതായും സൂചനയുണ്ട്. മന്ത്രിസഭാ വികസനം ഈ മാസം നടക്കാനിരിക്കെ സർക്കാരിലും പാർട്ടിയിലും സമ്മർദം ചെലുത്തി ആവശ്യങ്ങൾ നേടിയെടുക്കുകയാവാം ലക്ഷ്യം. എന്തുവന്നാലും പാർട്ടിവിടില്ലെന്ന് ആവർത്തിക്കുമ്പോഴും ഇവരുടെ നിലപാട് കോൺഗ്രസിനും സഖ്യസർക്കാരിനും നിർണായകമാകും. 

∙ 'കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ഒരുവിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു സത്യമല്ല. ബിജെപിയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.' - ജി.പരമേശ്വര, ഉപമുഖ്യമന്ത്രി

∙ 'കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാർ അഞ്ച് വർഷം ഭരിക്കും. അതിനാവശ്യമായ നയം ഇരു പാർട്ടികൾക്കുമുണ്ട്, ഞങ്ങളെ നയിക്കാൻ ഹൈക്കമാൻഡ് ഒപ്പമുണ്ട്.' - മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ്

ആകെ സീറ്റ് - 224

സഭയുടെ അംഗബലം: 222 *

ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷം: 112

* തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടു സീറ്റ് ഒഴിവാക്കിയാൽ

നിലവിലെ കക്ഷിനില

ബിജെപി: 104

സഖ്യസർക്കാർ: 118*

* കോൺഗ്രസ്   – 79, 

ജെഡിഎസ് – 36, 

ബിഎസ്പി – 01 

സ്വതന്ത്രൻ – 02