Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ എഴുതിത്തള്ളുന്ന രീതി ദോഷകരം: രഘുറാം രാജൻ

Raghuram-Rajan

ന്യൂഡൽഹി ∙ കൃഷിമേഖലയ്ക്കു ശ്രദ്ധ നൽകണമെങ്കിലും വായ്പ എഴുതിത്തള്ളുന്ന രീതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദോഷകരമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. മുദ്ര വായ്പകളും കിസാൻ ക്രെഡിറ്റ് കാർഡും സിഡ്ബി ചെറുകിട നാമമാത്ര മേഖലയ്ക്കു നൽകുന്ന വായ്പാ ഗാരന്റിയും കിട്ടാക്കട ഇനത്തിൽ പ്രശ്നമാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ച് രാജ്യ താൽപര്യവും തിരഞ്ഞെടുപ്പും മുൻ നിർത്തി രാഷ്ട്രീയ കക്ഷികൾ  ധാരണയിലെത്തണം. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി നൽകിയ കുറിപ്പിലാണ് രഘുറാം രാജൻ ആശങ്കകളും നിലപാടുകളും വ്യക്തമാക്കിയത്. 

വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുന്നതിന്റെ ചരിത്രമുള്ളതും ഉന്നത സ്വാധീനമുള്ളതുമായ ഇടപാടുകാർക്ക് പൊതുമേഖലാ ബാങ്കുകൾ ഒട്ടേറെ വായ്പകൾ നൽകിയതാണു കിട്ടാക്കടത്തിന്റെ ഒരു പ്രധാന കാരണം.

കിട്ടാക്കടത്തിന്റെ പ്രശ്നത്തിനു നിയന്ത്രണ സംവിധാനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ബാങ്കും വായ്പക്കാരനും സാഹചര്യവുമാണ് മോശം വായ്പകൾ സൃഷ്ടിക്കുന്നത്. വാണിജ്യ വായ്പകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് പങ്കാളിയല്ല, റഫറി മാത്രമാണ്. പൊതുമേഖലാ ബാങ്കുകളുടെ ബോർഡുകൾക്കു വേണ്ടത്ര പ്രഫഷനൽ സ്വഭാവമില്ല. ബോർഡിലേക്കുള്ള നിയമനങ്ങൾ സർക്കാരാണു നടത്തുന്നത്. സ്വഭാവികമായും ഇത് രാഷ്ട്രീയവത്കരണത്തിന് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.