Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃത്തിയാക്കലിന് നേരിട്ടിറങ്ങി മോദി; ശുചിത്വ യജ്ഞത്തിന് ഉജ്വല തുടക്കം

Swachhta Hi Sewa വൃത്തിയാവട്ടെ... ന്യൂഡൽഹിയിലെ പഹാഡ്ഗഞ്ചിലുള്ള ബാബാസാഹെബ് അംബേദ്കർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ മാലിന്യം നീക്കാൻ ചൂലുമായി പ്രധാനമന്ത്രി, പിന്നാലെ നഗരത്തിന്റെ പലഭാഗങ്ങളിലായി കേന്ദ്രമന്ത്രിമാർ. പിന്തുണയുമായി മതനേതാക്കളടക്കമുള്ള പ്രമുഖർ മോദി ആപ്പിൽ. ശുചീകരണ ദൗത്യത്തിൽ ജനപങ്കാളിത്തം ലക്ഷ്യമിടുന്ന ‘സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം)’ പദ്ധതിക്കു രാജ്യതലസ്ഥാനത്തു ശുഭാരംഭം. ഗാന്ധിജിയുടെ 150–ാം ജന്മവർഷാചരണത്തോട് അനുബന്ധിച്ചാണ് പരിപാടി.

സ്വച്ഛഭാരത് പദ്ധതി 90 ശതമാനവും ലക്ഷ്യത്തിലെത്തി. ശുചിമുറികൾ നിർമിച്ചതു കൊണ്ടായില്ല; വൃത്തിയുള്ള ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കുകയും വേണം– പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനുശേഷം പഹർഗഞ്ചിലെ ബാബാ സാഹിബ് അംബേദ്കർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശുചിത്വ പരിപാടിയിലും മോദി പങ്കെടുത്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നടൻ അമിതാഭ് ബച്ചൻ, വ്യവസായി രത്തൻ ടാറ്റ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവി ശങ്കർ, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവരുമായും കേരളത്തിൽ നിന്നുൾപ്പെടെയുള്ള പൊതുജനങ്ങളുമായും മോദി ആപ്പിലൂടെ സംവദിച്ചു. ഗാന്ധി ജയന്തിവരെയാണ് ശുചീകരണ ദൗത്യം. വിവിധ മേഖലകളിലുള്ള രണ്ടായിരത്തോളം പേരെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ക്ഷണിച്ച് മോദി കത്തു നൽകിയിരുന്നു.

മദ്യക്കുപ്പികൾ പിടികൂടി കണ്ണന്താനം

ന്യൂഡൽഹി ∙ മാലിന്യം നീക്കം ചെയ്ത് ‘സ്വച്ഛതാ ഹി സേവ’ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കയ്യിൽത്തടഞ്ഞത് ഒഴിഞ്ഞ മദ്യക്കുപ്പികൾ. ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിപാടികൾക്കു തുടക്കം കുറിച്ച് ലോധി റോഡിനു സമീപം ശുചീകരണ പ്രവർത്തനം നടത്തവേയാണ് മദ്യക്കുപ്പികൾ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരെ വിളിപ്പിച്ചു. അലക്ഷ്യമായ നടപടിക്കു ശകാരിച്ച ശേഷം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മദ്യക്കുപ്പികൾ നീക്കം ചെയ്യാൻ കേന്ദ്രമന്ത്രിക്കൊപ്പം ജീവനക്കാരും എത്തി. ലോധി റോഡിലെ സായി മന്ദിർ പരിസരത്തടക്കം മാലിന്യം നീക്കം ചെയ്തു. തുടർന്നു സ്വച്ഛ് ഭാരതിന് ജയ് വിളിച്ച് മുദ്രാവാക്യം ചൊല്ലിക്കൊടുത്താണ് കണ്ണന്താനം മടങ്ങിയത്.

പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി

matha-amritanandamayi കരുനാഗപ്പള്ളി ആലപ്പാട്ടെ തീരപ്രദേശത്ത് ‘സ്വച്ഛത ഹി സേവ’ പരിപാടിയുടെ ഭാഗമായി ശുചീകരണം നടത്തിയ മാതാ അമൃതാനന്ദമയിക്കൊപ്പം നവവധുവരന്മാരും പങ്കുചേർന്നപ്പോൾ.

കൊല്ലം ∙ പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ ഹി സേവ’ പദ്ധതിക്ക് മാതാ അമൃതാനന്ദമയി പൂർണപിന്തുണ വാഗ്ദാനം ചെയ്തു. അമ്മയുടെ അനുഗ്രഹം ഈ ഉദ്യമത്തിനു ശക്തി പകരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ സംഭാഷണത്തിൽ മറുപടി നൽകി. മഠം നടത്തുന്ന വിപുലമായ പ്രകൃതി സംരക്ഷണ, പരിസരശുചീകരണ പരിപാടികളെക്കുറിച്ചു പ്രധാനമന്ത്രിയോട് മാതാ അമൃതാനന്ദമയി വിശദീകരിച്ചു. പ്രകൃതി സംരക്ഷണം, പരിസര ശുചീകരണം, ശുദ്ധജല ലഭ്യത, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി മഠം ഇടപെടുന്നുണ്ട്. ഈ വർഷം മാത്രം രാജ്യത്ത് 1700 ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്വച്ഛ് ഭാരത്– നമാമി ഗംഗേ പദ്ധതികൾക്കായി 100 കോടി രൂപ നൽകിയതായും കേരളത്തിലാകമാനം 15,000 ശുചിമുറികൾ നിർമിച്ചു നൽകിയെന്നും അമൃതാനന്ദമയി ചൂണ്ടിക്കാട്ടി.

related stories