Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ ചെറുക്കാൻ ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യയും ഫ്രാൻസും

PTI3_5_2017_000186A

ബെംഗളൂരു∙ വിദേശരാജ്യങ്ങളുമായുള്ള ബഹിരാകാശ സഹകരണത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ. സമുദ്രനിരീക്ഷണത്തിനായി ഫ്രാൻസിനൊപ്പം കൈകോർത്ത് പത്തോളം ഉപഗ്രഹങ്ങൾക്കായുള്ള വൻപദ്ധതിയാണു വിക്ഷേപണത്തിനു തയാറെടുക്കുന്നത്. ഉപഗ്രഹ ശൃംഖല ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ളതാണെന്നു ഫ്രഞ്ച് ബഹിരാകാശ ഏജൻസി (സിഎൻഇഎസ്) മേധാവി ജീൻ ഈവ് ലു ഗാൾ അറിയിച്ചു. ചൈനീസ് സാന്നിധ്യം ഏറിവരുന്ന സമുദ്രമേഖലയാണിത്.

സമുദ്രഗതാഗത നിരീക്ഷണവും നിയന്ത്രണവുമാണ് ഉപഗ്രഹങ്ങള്‍ കൊണ്ടു ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാകും. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ചൊവ്വ, ബുധൻ പര്യവേഷണ പദ്ധതികളിൽ ഫ്രഞ്ച് വിദഗ്ധരുടെ സേവനം പങ്കുവയ്ക്കാനുള്ള സന്നദ്ധതയും സിഎൻഇഎസ് അറിയിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ‘ഗഗന്‍യാന്‍’ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ വിവരങ്ങള്‍ ഫ്രാന്‍സിനു കൈമാറാന്‍ കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ കരാറൊപ്പിട്ടിരുന്നു.

ഇതിനിടെ, രണ്ടു ബ്രിട്ടിഷ് ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി റോക്കറ്റിന്റെ വിക്ഷേപണത്തിനായി തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണ പദ്ധതികളുടെ ഭാഗമായുള്ള ഇതിലൂടെ 200 കോടി രൂപയാണ് ഇന്ത്യക്കു ലഭിക്കുക.