Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് സഖ്യം: നിബന്ധനകളുമായി മായാവതി, അഖിലേഷ്

Akhilesh-Mayawati അഖിലേഷ് യാദവ്, മായാവതി

ന്യൂഡൽഹി∙ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ മഹാപ്രതിപക്ഷ ഐക്യത്തിനു തയാറെടുക്കുന്ന കോൺഗ്രസിനു മുന്നിൽ നിബന്ധനകൾ നിരത്തി ബിഎസ്പി മേധാവി മായാവതി; ഐക്യ പ്രതിപക്ഷ നിരയിലെ നേതാവിനെ തിരഞ്ഞെടുപ്പിനു ശേഷം നിശ്ചയിക്കാമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. ബിഎസ്പി, എസ്പി ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളുമായി കൈകോർക്കുന്നതിന്റെ സാധ്യതകൾ ആരായാൻ കോൺഗ്രസ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചതിനു പിന്നാലെയാണു വ്യവസ്ഥകൾ കടുപ്പിച്ച് ഇരു നേതാക്കളും രംഗത്തെത്തിയത്.

സീറ്റ് വിഭജനത്തിൽ മാന്യമായ പങ്കു ലഭിച്ചില്ലെങ്കിൽ സഖ്യത്തിന്റെ ഭാഗമാകില്ലെന്നും ഒറ്റയ്ക്കു മൽസരിക്കുമെന്നും മായാവതി മുന്നറിയിപ്പു നൽകി. തനിച്ചു മൽസരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കൂട്ടിച്ചേർത്ത മായാവതി, കോൺഗ്രസിനു മേൽ സമ്മർദം ശക്തമാക്കി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഎസ്പിയെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്. യുപിയിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെങ്കിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തങ്ങൾക്കു മേധാവിത്വം വേണമെന്നാണു കോൺഗ്രസിന്റെ നിലപാട്.

പ്രധാനമന്ത്രി സ്ഥാനത്തേക്കു തൽക്കാലം ആരും വേണ്ടെന്ന മുൻ നിലപാട് അഖിലേഷ് യാദവ് ആവർത്തിച്ചു. പ്രതിപക്ഷ സഖ്യ രൂപീകരണത്തിൽ കോൺഗ്രസ് തുറന്ന സമീപനം പുലർത്തണമെന്നും അഖിലേഷ് പറഞ്ഞു.

ബൂത്തിൽ തുടങ്ങാൻ കോൺഗ്രസ്

ബൂത്ത് തലത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു കോടി പ്രവർത്തകരെ അണിനിരത്താൻ കോൺഗ്രസ്. ഒരു ബൂത്തിൽ പത്തു പ്രവർത്തകരെ സജ്ജമാക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് അയച്ച കത്തിൽ ദേശീയ നേതൃത്വം നിർദേശിച്ചു. രാജ്യത്തെ പത്തു ലക്ഷത്തോളം ബൂത്തുകൾ കേന്ദ്രീകരിച്ചാവും പ്രവർത്തനം.

∙ 'അടുത്ത 50 വർഷം ഭരിക്കുമെന്ന് അവകാശപ്പെടുന്നവർ ഒരു കാര്യം മറക്കുന്നു; അടുത്ത 50 ആഴ്ചയ്ക്കകം ജനം അവരെ തൂത്തെറിയും.' -  അഖിലേഷ് യാദവ് (എസ്പി നേതാവ്)

∙ 'ഭരണത്തകർച്ച മറച്ചുവയ്ക്കാൻ കിണഞ്ഞു ശ്രമിക്കുകയാണു ബിജെപി. അടൽ ബിഹാരി വാജ്പേയിയുടെ മരണം പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു.' - മായാവതി (ബിഎസ്പി നേതാവ്)