Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ സഖ്യത്തിന് ഉവൈസിയും പ്രകാശ് അംബേദ്കറും

മുംബൈ ∙ മുഖ്യധാരാ പാർട്ടികളെ ഒഴിവാക്കി മഹാരാഷ്ട്രയിൽ പുതിയ മുസ്​ലിം-ദലിത് സഖ്യത്തിനു നീക്കം. അസദുദ്ദീൻ ഉവൈസി നേതൃത്വം നൽകുന്ന ന്യൂനപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം), ഭരണഘടനാശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ അധ്യക്ഷനായ ഭാരിപ ബഹുജൻ മഹാസംഘ് (ബിബിഎം) എന്നീ കക്ഷികളാണു കൈകോർക്കുന്നത്. 2019ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണു നീക്കം. ഹൈദരാബാദ് ആസ്ഥാനമായ ഉവൈസിയുടെ പാർട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മഹാരാഷ്ട്രയിൽ മത്സരിച്ചത്. പാർട്ടിക്കു നിലവിൽ രണ്ട് എംഎൽഎമാരുണ്ട്. അതേസമയം, സമീപകാലത്തു സംസ്ഥാനത്തുണ്ടായ ദലിത് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ പ്രകാശ് അംബേദ്കറുടെ രാഷ്ട്രീയ നിലപാട് ഭരണപ്രതിപക്ഷ കക്ഷികൾ ഉറ്റുനോക്കിയിരുന്നതാണ്.

പ്രാരംഭചർച്ചകൾ വിജയകരമാണെന്നും ഗാന്ധിജയന്തിയിൽ ബിബിഎം ഔറംഗാബാദിൽ സംഘടിപ്പിക്കുന്ന ബഹുജനറാലിയെ താനും പ്രകാശ് അംബേദ്കറും അഭിസംബോധന ചെയ്യുമെന്നും ഉവൈസി അറിയിച്ചു. സഖ്യത്തിന്റെ ഔപചാരിക ഘടന പിന്നീടു പ്രഖ്യാപിക്കും. അതേസമയം, സഖ്യം ഫലവത്താകില്ലെന്ന് എൻസിപിയും എംഐഎം പോലുള്ള വർഗീയകക്ഷിയുമായി പ്രകാശ് അംബേദ്കർ കൈകോർത്തതു നിർഭാഗ്യകരമാണെന്നു കോൺഗ്രസും പ്രതികരിച്ചു.