Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയെ രക്ഷപ്പെടാൻ സഹായിച്ചത് മോദിയുടെ കണ്ണിലുണ്ണി: രാഹുൽ ഗാന്ധി

Rahul Gandhi

ന്യൂഡൽഹി ∙ വിജയ് മല്യയെ രാജ്യംവിടാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടർ എ.കെ.ശർമയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 

ഗുജറാത്ത് കേഡറിലെ ഈ ഉദ്യോഗസ്ഥനാണ് മല്യയ്ക്കെതിരായ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയത്. മല്യയെ വിദേശത്തു കടക്കുന്നതിൽനിന്നു ‘തടയുക’ എന്നായിരുന്നു ആദ്യത്തെ നോട്ടിസ്. ഇതു പിന്നീട് ‘അറിയിക്കുക’ എന്നാക്കി മയപ്പെടുത്തി. പിന്നാലെ, മല്യ രാജ്യംവിടുകയും ചെയ്തു.

ak-sharma എ.കെ. ശർമ

നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളെയും രാജ്യംവിടാൻ സഹായിച്ചതു ശർമയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നതും ശർമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും അറിഞ്ഞുതന്നെയാണ് ഈ വ്യവസായികൾ രാജ്യംവിട്ടതെന്നു രാഹുൽ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു.

സിബിഐ ഡയറക്ടർ അനിൽ സിൻഹ അറിയാതെയാണ് എ.കെ.ശർമ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയതെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. കൗതുകകരമായ കാര്യം, മല്യ വായ്പാ തിരിച്ചടവ് മുടക്കിയതിന്റെ പേരിൽ കഷ്ടത്തിലായ ബാങ്ക് അധികൃതരുമായി അനിൽ സിൻഹ മുംബൈയിൽ ചർച്ച നടത്തിയ 2016 മാർച്ച് മൂന്നിനുതന്നെയാണു മല്യ രാജ്യംവിട്ടത് എന്നതാണ്.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയെന്നാണ് മല്യയ്ക്കെതിരായ കേസ്. 60 കോടി രൂപ വരെയുള്ള കേസുകളിലെ പ്രതികൾക്ക് ഇളവു നൽകാൻ മാത്രമേ ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ള സിബിഐ ഓഫിസർക്ക് അനുമതിയുള്ളൂ. അതിനു മുകളിലാണു തുകയെങ്കിൽ പ്രതികളുടെ കാര്യത്തിൽ ഡയറക്ടർക്കേ തീരുമാനം എടുക്കാനാകൂ.

മല്യ തുടർച്ചയായി ചോദ്യംചെയ്യലിനു ഹാജരായിരുന്നതിനാൽ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണു സിബിഐയുടെ നിലപാട്. എന്നാൽ, ഈ വാദവും സംശയാസ്പദമാണ്. മല്യ ‍ചോദ്യംചെയ്യലിനു ഹാജരായത് 2015 ഡിസംബർ 9, 10, 12 തീയതികളിലാണ്; ലുക്ക് ഔട്ട് നോട്ടിസ് മയപ്പെടുത്തിയതു നവംബർ 24നും. തുടർച്ചയായി ചോദ്യംചെയ്യലിനു മല്യ ഹാജരാകുന്നതിന് ആഴ്ചകൾക്കു മുൻപു വേണ്ടതു ചെയ്തു എന്നർഥം. ഒൗദ്യോഗികമായി ഈ വിഷയത്തിൽ സിബിഐ ഒന്നും പറയാൻ തയാറായിട്ടില്ല.

related stories