Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാരാണസിയിൽ ജന്മദിനമാഘോഷിച്ച് മോദി: 568 കിലോയുടെ ലഡു മുറിച്ച് മന്ത്രിമാ‍ർ

Modi പ്രധാനമന്ത്രി വാരാണസിയില്‍ കുട്ടികളോടൊപ്പം

ന്യൂഡൽഹി ∙ 68–ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാപ്രവാഹം. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പമാണു ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തിൽ വിവിധ വികസനപദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുതെന്നതാണു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണമെന്നു കാശി വിദ്യാപീഠത്തിലെ കുട്ടികൾക്കു പ്രധാനമന്ത്രി ഉപദേശം നൽകി.

നിങ്ങളാണു രാജ്യത്തിന്റെ ഭാവി. കായിക ഇനങ്ങളിൽ ശ്രദ്ധിക്കുക, നൈപുണ്യങ്ങളാർജിക്കുക. അവയെന്നും മുതൽക്കൂട്ടാകും – പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ജന്മദിനം പ്ര‌മാണിച്ചു മണ്ഡലത്തിലെ 72 കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാംപുകളും ബിജെപി പ്രവർത്തകർ സംഘടിപ്പിച്ചു. സമഗ്ര വൈദ്യുതി വികസന പദ്ധതി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അടൽ ഇൻകുബേഷൻ സെന്റർ, റീജനൽ ഒഫ്താൽമോളജി സെന്റർ തുടങ്ങി 500 കോടിയോളം രൂപയുടെ വിക‌സന പരിപാടികൾക്കു വാരാണസിയിൽ പ്രധാനമന്ത്രി ഇന്നു തുടക്കമിടും. മെഡിക്കൽ ‌ക്യാംപുകൾ, ശുചീകരണ പരിപാടികൾ തുടങ്ങിയവയുൾപ്പെടെ ഒരാഴ്ചത്തെ പരിപാടികൾ ഡൽഹി ബിജെപി ഘടകവും ആസൂത്രണം ചെ‌യ്തിട്ടുണ്ട്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖർ പ്ര‌‌ധാനമന്ത്രിക്കു ജന്മദിനാശംസ നേർന്നു. 568 കിലോയുടെ ഭീമൻ ലഡു മുറിച്ചു വിതരണം ചെയ്താണു മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, മുഖ്താർ അബ്ബാസ് നഖ്‌വി എന്നിവർ മോദിയുടെ ജന്മദിനം ആഘോഷിച്ചത്.

related stories