Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാടുകൾ അടിച്ചേൽപിക്കുന്നത് ആർഎസ്എസ് രീതിയല്ല: മോഹൻ ഭാഗവത്

Mohan Bhagwat മോഹൻ ഭാഗവത്

ന്യൂഡൽഹി ∙ രാജ്യത്തിനു മഹാപ്രതിഭകളെ നൽകിയ കോൺഗ്രസിനെ അനുസ്മരിച്ചും സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അവർ നൽകിയ സംഭാവനകൾക്കു പ്രണാമമർപ്പിച്ചും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രഭാഷണപരമ്പരയ്ക്കു തുടക്കം. ആർഎസ്‌എസ് വിഭാവനം ചെയ്യുന്ന ‌ഹിന്ദുസമാജം ‌ഇന്ത്യയുടെ വൈവിധ്യത്തെ പൂർണമായി ഉൾക്കൊള്ളുന്നു. രാഷ്ട്രീയത്തിനും ആശയസംഹിതകൾക്കുമപ്പുറം സമൂഹത്തെ ഒന്നായി നി‌ർത്തുകയെന്നതാണു സംഘസങ്കൽപം.‘ഭാവിഭാരതം ആർഎസ്എസ് വീക്ഷണത്തിൽ’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര‌യുടെ ആദ്യ ദിവസം ഭാഗവത് പറഞ്ഞു.

‘ഞങ്ങളുടേതു സ്നേഹസന്ദേശം, എതി‌രാളികളുടേതു ദ്വേഷത്തിന്റെയും’ എന്ന നിലപാടു കോൺഗ്രസും രാഹുൽ ഗാന്ധിയും പ്രച‌രിപ്പിക്കുന്നതിനിടയ്ക്കാണു ഭാഗവതിന്റെ പരാമർശങ്ങൾ. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ഈ നിലപാടു പ്രഖ്യാപിച്ചു പ്ര‌ധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ കെട്ടിപ്പുണർന്നതു ശ്രദ്ധയാകർഷിച്ചിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാല സങ്കൽപത്തിൽ ‌ദ്വേഷത്തിനും വിവേചനത്തിനും സ്ഥാനമില്ലെന്നു തെളിയിക്കാനായിരുന്നു 80 മിനിറ്റോളം നീണ്ട പ്രഭാഷണത്തിൽ‌ ഭാഗവതിന്റെ ശ്രമം.

സംഘ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും ‌സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു. പൂർണസ്വരാജ് പ്രമേയം കോൺഗ്രസ് പാസാക്കിയതിനെ ആദ്യം അഭിവാദ്യം ചെയ്തത് അദ്ദേഹമാണ്. ഈ നാടിന്റെ വൈവിധ്യങ്ങളെ ‌സംഘ് ആദരിക്കുന്നു. നിലപാടുകൾ അടിച്ചേൽപിക്കുന്നതു തങ്ങളുടെ രീതിയല്ല. ആർഎസ്എസിന്റെ ആശയ‌ങ്ങളെക്കുറിച്ചു താൻ സംസാരിക്കുന്നത്. അതു മറ്റുള്ളവർക്കു ബോധ്യപ്പെടുമെന്നുറപ്പിച്ചല്ല; ബോധ്യപ്പെടൽ കേൾക്കുന്നവന്റെ ‌സ്വാതന്ത്ര്യം–മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ത്രിദിന പ്രഭാഷണ പരമ്പര നാളെ സമാപിക്കും.

ക്ഷണം കിട്ടിയിട്ടും വരാതെ പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി ∙ മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരമ്പരയ്ക്കു മുഖം തിരിഞ്ഞു പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, സിപിഎം ജനറൽ സെ‌ക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവർ പരി‌പാടിക്കെത്തിയില്ല. രാഹുലിനു ക്ഷണം കി‌ട്ടിയോ എന്ന ചോദ്യത്തിനു കോൺഗ്രസ് വ്യക്തമായ ‌ഉത്തരം തന്നെ നൽകിയില്ല. പ്രഭാഷണപരമ്പരയ്ക്കു രാഹുലിനെ ക്ഷണിക്കുമെന്ന് ആർഎസ്എസ് പരസ്യപ്പെടുത്തിയത് അദ്ദേഹം ആർഎസ്എസിനെതിരെ നടത്തിയ രൂക്ഷപരാമർശങ്ങൾക്കു പിന്നാലെയായിരുന്നു. കത്ത് കൈമോശം വരുന്നില്ലെന്നുറപ്പാക്കാൻ നേതാക്കളുടെ വീട്ടിൽ ആൾവശം എത്തിക്കുകയായിരുന്നെന്ന് ആർഎസ്‌എസ് വൃത്തങ്ങൾ പറഞ്ഞു. രാഹുലും അഖിലേഷും പാർട്ടി പരിപാടികളുടെ തിരക്കിലായിരുന്നു. യച്ചൂരി വിദേശയാത്രയിലും. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തു കൂടുതൽ ചർച്ചകൾക്കു വഴിവയ്ക്കാനില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

related stories