Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്ത നഗരത്തിൽ വൻ അഗ്നിബാധ; 1000 കടകൾ നശിച്ചു

Bagri-Market-fire കൊൽക്കത്തയിലെ ബഗ്രി മാർക്കറ്റിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ. ചിത്രം: സലിൽ ബേറ ∙ മനോരമ

കൊൽക്കത്ത ∙ നഗരമധ്യത്തിൽ കാനിങ് സ്ട്രീറ്റിലെ ബഗ്രി മാർക്കറ്റിൽ ആറുനില കെട്ടിടസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തോളം കടകൾ ചാമ്പലായി. നാൽപതോളം ഫയർ എൻജിനുകൾ 12 മണിക്കൂർ ശ്രമിച്ചിട്ടും തീ പൂർണമായി നിയന്ത്രിക്കാനായില്ല. ആളപായമില്ല. തീയണയ്ക്കാനുള്ള ശ്രമത്തിൽ അഗ്നിശമന സേനാംഗങ്ങളിൽ ചിലർക്കു പൊള്ളലേറ്റു. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. വിവിധ ബ്ളോക്കുകളിലായി ഒട്ടേറെ ബഹുനില മന്ദിരങ്ങളുള്ള മാർക്കറ്റ് റിസർവ് ബാങ്കിനും സെക്രട്ടേറിയറ്റായ റൈറ്റേഴ്സ് ബിൽഡിങ്ങിനും ഒരു കിലോമീറ്റർ മാത്രം അകലെയാണ്.

ആറുനില കെട്ടിടത്തിലെ ഗ്രൗണ്ട് 1, 2 നിലകളിൽ കടകളും 3, 4 നിലകളിൽ ഓഫിസുകളും അതിനുമുകളിൽ സുരക്ഷാ ഗാർഡുകളുടെയും കുടുംബാംഗങ്ങളുടെയും താമസസ്ഥലവുമാണ്. സൗന്ദര്യവർധക സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളാണ് കത്തിനശിച്ചവയിൽ ഏറെയും. മിക്ക കടകളിലും ഗണേശോൽസവത്തോടനുബന്ധിച്ച് ഏറെ സാധനങ്ങൾ വിൽപനയ്ക്കു വച്ചിരുന്നു. കടകളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു തീപിടിച്ചതും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അത്യാവശ്യ സാധനങ്ങളെങ്കിലും എടുത്തുമാറ്റാൻ കടകളിലേക്കു കുതിച്ച കച്ചവടക്കാരെ അഗ്നിശമനസേനയും പൊലീസും തടഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

related stories