Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി: രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

കർണൂൽ (ആന്ധ്രപ്രദേശ്)∙പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച്, ടിഡിപിയുൾപ്പെടെ മറ്റു പാർട്ടികളെക്കുറിച്ചു മിണ്ടാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആന്ധ്രപ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകും. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും അരലക്ഷം പേർ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു രാഹുൽ പറഞ്ഞു. ടിഡിപിയും വൈഎസ്ആർ കോൺഗ്രസുമുൾപ്പെടെയുള്ള കക്ഷികളെക്കുറിച്ചുള്ള രാഹുലിന്റെ മൗനം കോൺഗ്രസ് സഖ്യസാധ്യതകൾ തുറന്നിടുന്നതിന്റെ സൂചനയാണെന്നാണു വിലയിരുത്തൽ.

അയൽ സംസ്ഥാനമായ തെലങ്കാനയിൽ കോൺഗ്രസും ടിഡിപിയും സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണായുധം സംസ്ഥാനത്തിന്റെ പ്രത്യേക പദവിയായിരിക്കുമെന്ന വ്യക്തമായ സൂചന രാഹുൽ നൽകി. പ്രത്യേക പദവി ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കുടുംബത്തിനു വേദിയിൽ രാഹുൽ ഒരു ലക്ഷം രൂപ കൈമാറി. രാജ്യത്തിന്റെ കാവൽക്കാരനാണെന്നാണു നരേന്ദ്രമോദി പറയുന്നത്. രാത്രി വീടിനകത്തേക്കു കള്ളന്മാരെ കടത്തിവിടുന്ന കാവൽക്കാരനാണ് അദ്ദേഹം. കള്ളന്മാരെ രക്ഷപ്പെടാൻ സഹായിക്കുന്ന പൊലീസുകാരനെ ജയിലിലടയ്ക്കുന്നതാണു രാജ്യത്തെ നിയമം.

അതുകൊണ്ടു തന്നെ, 9000 കോടിയുടെ തട്ടിപ്പ് നടത്തിയയാളെ രക്ഷിച്ച ധനമന്ത്രിയെ പ്രധാനമന്ത്രി ഉടൻ പുറത്താക്കണം. എന്നാൽ, റഫാൽ വിഷയത്തിൽ അതിലും വലിയ തട്ടിപ്പുനടത്തിയ പ്രധാനമന്ത്രി എങ്ങനെ ധനമന്ത്രിയെ പുറത്താക്കും?– രാഹുൽ ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമായും കർഷകരുമായും സംവദിച്ച രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിമാരായ ദാമോദരം സഞ്ജീവയ്യ, കോട്‌ല വിജയ ഭാസ്കർ റെഡ്ഡി എന്നിവരുടെ വീടുകൾ സന്ദർശിച്ചു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി, മുൻ കേന്ദ്രമന്ത്രി പല്ലം രാജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.