Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി മന്ത്രാലയത്തിനുള്ളിൽ കടന്ന് വ്യാജ കൂടിക്കാഴ്ച നടത്തി തട്ടിപ്പ്; ഏഴംഗ സംഘം അറസ്റ്റിൽ

interview

ന്യൂഡൽഹി∙ ജോലി തട്ടിപ്പിനുവേണ്ടി കൃഷി മന്ത്രാലയത്തിനുള്ളിൽ വ്യാജ ഇന്റർവ്യൂ നടത്തിയ സംഘം പിടിയിൽ. കേന്ദ്ര ജീവനക്കാരും സോഫ്റ്റ്‌വെയർ എൻജിനീയറും അടങ്ങുന്ന വൻ റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. ഏഴു പേർ അറസ്റ്റിലായി. കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തതായാണു വിവരം.

ഒഎൻജിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനു കേന്ദ്രമാക്കിയതാവട്ടെ, അതീവ സുരക്ഷാ സന്നാഹങ്ങളുള്ള കൃഷി മന്ത്രാലയവും. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയാണ് സംഘം തട്ടിപ്പിനുള്ള കളമൊരുക്കിയത്. ഇവരും പിടിയിലായിട്ടുണ്ട്.

മന്ത്രാലയം പ്രവർത്തിക്കുന്ന കൃഷിഭവനിൽ, അവധിയിൽ പോയ ഉദ്യോഗസ്ഥന്റെ ഓഫിസ് മുറി തരപ്പെടുത്തിയായിരുന്നു വ്യാജ കൂടിക്കാഴ്ച നടത്തിയത്. ഉദ്യോഗാർഥികളെ ഇവിടേക്കു വിളിച്ചുവരുത്തി. തട്ടിപ്പു സംഘം തന്നെ ഇന്റർവ്യൂ ബോർഡംഗങ്ങളായി ചമഞ്ഞു. തങ്ങളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നതായി ഒഎൻജിസി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് അന്വേഷണത്തിനിടയാക്കിയത്. അസിസ്റ്റന്റ് എൻജിനീയർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കൂടിക്കാഴ്ചയുണ്ടെന്നറിയിച്ച് ഒഎൻജിസിയുടേതെന്നു തോന്നിക്കുന്ന ഇമെയിൽ വിലാസത്തിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ഇ മെയിലും എത്തി. റന്ദീർ സിങ് എന്നു പരിചയപ്പെടുത്തിയ കിഷോർ കുനാൽ ഉദ്യോഗാർഥികളിൽ നിന്നു 22 ലക്ഷം രൂപ പിരിച്ചെടുത്തു. ബിഹാർ സ്വദേശിയായ ഇയാൾ ഒളിവിലാണ്. ഡൽഹി, ഉത്തർപ്രദേശ് സ്വദേശികളാണ് സംഘത്തിലെ മറ്റുള്ളവർ.

27 മൊബൈൽ ഫോണുകൾ, രണ്ടു ലാപ്ടോപ്പ്, 10 ചെക്ക് ബുക്ക്, വ്യാജ തിരിച്ചറിയൽ കാർഡ്, 45 സിംകാർഡുകൾ എന്നിവയും ഇവരിൽ നിന്നു കണ്ടെത്തി. തട്ടിപ്പിനു പിന്നിൽ കൂടുതൽ പേരുണ്ടെന്നും ഇവർ വൈകാതെ കുടുങ്ങുമെന്നും പൊലീസ് അറിയിച്ചു.