Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനാ മേധാവി: മുകുന്ദ് നരവനെയ്ക്ക് സാധ്യതയേറി

Naravane

ന്യൂഡൽഹി∙ പുതിയ മേധാവിയെ നിയമിക്കുന്നതിനു മുന്നോടിയായി കരസേനയുടെ തലപ്പത്ത് വൻ അഴിച്ചുപണിക്കു കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ, ട്രെയിനിങ് കമാൻഡ് മേധാവിയായ ലഫ്. ജനറൽ മുകുന്ദ് നരവനെയെ ചൈന അതിർത്തിയുടെ ചുമതലയുള്ള കിഴക്കൻ കമാൻഡ് മേധാവിയാക്കിയേക്കുമെന്നു സൂചന. 2019 ഡിസംബറിൽ വിരമിക്കുന്ന കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി നിയമിക്കുന്നതിനു മുന്നോടിയായാണു തന്ത്രപ്രധാന മേഖലയുടെ ചുമതല നരവനെയെ ഏൽപിക്കാനുള്ള നീക്കം.

സേനാ മേധാവിയാകാൻ അതിർത്തി മേഖലയിലെ കമാൻഡിന്റെ (ഓപ്പറേഷനൽ കമാൻഡ്) നേതൃപദവിയിൽ അനുഭവപരിചയം അനിവാര്യമാണ്. ജനറൽ റാവത്ത് വിരമിക്കുമ്പോൾ സേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാവും നരവനെ. സീനിയോരിറ്റി പരിഗണിച്ചാലും അദ്ദേഹത്തിനു തന്നെയാണു സാധ്യത.

എന്നാൽ, 2016ൽ രണ്ടുപേരെ മറികടന്നാണു സർക്കാർ റാവത്തിനെ മേധാവിയാക്കിയത്. താരതമ്യേന പ്രാധാന്യം കുറഞ്ഞ ട്രെയിനിങ് കമാൻഡിലേക്കു കഴിഞ്ഞ ഡിസംബറിൽ നരവനെയെ മാറ്റിയതിനു പിന്നാലെ അദ്ദേഹം തഴയപ്പെടുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു.

എന്നാൽ, കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ കമാൻഡിന്റെ മേധാവിയാകുന്നതോടെ, സേനയുടെ അമരത്തേക്കു പരിഗണിക്കപ്പെടുന്നവരുടെ മുൻനിരയിലേക്കു നരവനെ എത്തും. നിലവിൽ കിഴക്കൻ കമാൻഡ് മേധാവിയായ ലഫ്. ജനറൽ അഭയ് കൃഷ്ണയെ ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ കമാൻഡിലേക്കു മാറ്റിയേക്കും.