Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ നല്ലകാലം തേടി കോൺഗ്രസ്

congress-flag

കർണൂൽ (ആന്ധ്ര)∙ രണ്ടു യുപിഎ സർക്കാരുകളുടെ (2004, 09) ആരോഗ്യരഹസ്യം ആന്ധ്രപ്രദേശിൽ കോൺഗ്രസിനു ലഭിച്ച സീറ്റുകളായിരുന്നു. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണവും സംസ്ഥാനത്തിന്റെ വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാർട്ടിയെ തളർത്തി. സംസ്ഥാനത്തു പാർട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ചുമതല രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്കാണ്. നാലുമാസമായി അദ്ദേഹം നടത്തുന്ന ചികിൽസ ഫലം കണ്ടു തുടങ്ങിയതിന്റെ തെളിവായി, രാഹുൽ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തം. 

ഉമ്മൻ ചാണ്ടിയുടെ ‘ആന്ധ്രാ പാക്കേജിൽ’ എന്തൊക്കെയുണ്ട് ?

∙ ഓർമകളുടെ രാഷ്ട്രീയം

പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിനായിരുന്നു ആദ്യ മുൻഗണന. മുൻമുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലർ തിരിച്ചെത്തി. ഓർമകളെ കൂടി വോട്ടാക്കി മാറ്റാനാണു അടുത്ത ശ്രമം. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ദാമോദരം സഞ്ജീവയ്യ, മുൻ മുഖ്യമന്ത്രി കെ.വിജയ ഭാസ്കർ റെഡ്ഡി എന്നിവരുടെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചത് ഇതിന്റെ ഭാഗമായാണ്. 

∙ ജില്ലയിൽനിന്നു ബൂത്തിലേക്ക്

13 ജില്ലാ കമ്മിറ്റികളും 175 നിയോജകമണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. 44,000 ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന അവസാന ഘട്ടത്തിൽ. ഒക്ടോബർ 31 മുതൽ നവംബർ 14 വരെ സോണിയ ഗാന്ധി ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ. 

∙ ആദ്യം സ്വന്തം കാലിൽ

സ്വന്തം നിബന്ധനകൾ മുന്നോട്ടുവയ്ക്കാവുന്ന ഘട്ടമെത്തിയിട്ടു സഖ്യ ചർച്ചയെന്നതാണു ഉമ്മൻ ചാണ്ടി ലൈൻ. 

കർണൂലിലെ അതിഥി മന്ദിരത്തിൽനിന്നു രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി പോയതു മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുടെ വാഹനത്തിലാണ്. റെഡ്ഡി പിന്നിൽ കയറി. ആന്ധ്രയിലെ കോൺഗ്രസിന്റെ ഡ്രൈവിങ് സീറ്റിൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയാണ്.