Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായുമർദം ക്രമീകരിക്കാൻ പൈലറ്റുമാർ മറന്നു; യാത്രക്കാർക്കു ദേഹാസ്വാസ്ഥ്യം

PTI9_20_2018_000062B ജെറ്റ് എയർവേയ്‌സിന്റെ മുംബൈ-ജയ്പുർ വിമാനത്തിൽ വായുമർദം കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്ക് ധരിച്ച് യാത്രക്കാർ. ചിത്രം: പിടിഐ

മുംബൈ ∙ കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതു മൂലം വിമാന യാത്രക്കാർക്ക് ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം. മുപ്പതോളം യാത്രക്കാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജെറ്റ് എയർവേയ്‌സിന്റെ മുംബൈ-ജയ്പുർ വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരും അഞ്ചു ജീവനക്കാരുമായി ഇന്നലെ രാവിലെ ആറിന് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് 23 മിനിറ്റിനു ശേഷം മുംബൈയിൽ തിരിച്ചിറക്കിയത്. 

 സംഭവത്തെതുടർന്ന് എല്ലാ വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷാ ഓഡിറ്റ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട് സമർപ്പിക്കാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷിക്കും. വിമാനത്തിലെ കോക്ക്പിറ്റ് ജീവനക്കാരെ അന്വേഷണം തീരുന്നതുവരെ ചുമതലകളിൽനിന്നു മാറ്റി. 

 വായുമർദം നിയന്ത്രണത്തിലല്ലെന്ന് വ്യക്തമായ ഉടൻ യാത്രക്കാരോട് ഓക്‌സിജൻ മാസ്‌ക് ധരിക്കാൻ  ആവശ്യപ്പെട്ടതായി വിമാനക്കമ്പനി അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാർക്കു വിമാനത്താവളത്തിൽ പ്രാഥമിക ചികിത്സ നൽകി. താൽക്കാലിക കേൾവിത്തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേർ പിന്നീട് ആശുപത്രി വിട്ടു.