Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ജെപിസി അന്വേഷണം ഇല്ലെന്ന് ആവർത്തിച്ച് ബിജെപി

Rafale Fighter Plane

ന്യൂഡൽഹി ∙ ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമില്ലെന്ന് ആവർത്തിച്ചു ബിജെപി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തു കരാർ ഒപ്പിടാതിരുന്നതിനു പിന്നിൽ ബാഹ്യസമ്മർദങ്ങളും അഴിമതിയുമുണ്ടെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

മോദി സർക്കാരിൽ മാറിവന്ന പ്രതിരോധ മന്ത്രിമാർ പ്രധാനമന്ത്രിയുടെ അഴിമതി മൂടിവയ്ക്കാനാണു ശ്രമിക്കുന്നതെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി റഫാൽ കരാർ ഒപ്പിടുമ്പോൾ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ കടയിൽ മീൻവാങ്ങുന്ന തിരക്കിലായിരുന്നു. മോദിയല്ലാതെ മറ്റാരും കരാർ ഒപ്പിടുന്ന കാര്യമറിഞ്ഞില്ല. രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിക്കുന്നു. ഇന്ത്യയുടെ ആത്മാവിനെ വഞ്ചിച്ച താങ്കൾ ലജ്ജിക്കുക–രാഹുൽ പറഞ്ഞു. കരാറും സാങ്കേതികവിദ്യാ കൈമാറ്റവും ചേർന്ന് 1.30 ലക്ഷം കോടി രൂപയുടെ അഴിമതിയാണുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി അഴിമതി നടത്തിയെന്നു ഞാൻ പറയുന്നു. കാവൽക്കാരൻ തന്നെ കള്ളൻ. ഒലോൻദ് ആണു കളവു പറ‌യുന്നതെങ്കിൽ അതു പ്രധാനമന്ത്രി പരസ്യമായി പറയട്ടെ–രാഹുൽ വെല്ലുവിളിച്ചു.

ഇതേസമയം, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിരുത്തരവാദപരവും ലജ്ജാകരവുമെന്നു ബിജെപി പ്രതികരിച്ചു. യുദ്ധവിമാനങ്ങളുടെ വിശദാംശങ്ങൾ ചോദിക്കുന്ന കോൺഗ്രസ് ചൈനയെയും പാക്കിസ്ഥാനെയും സഹായിക്കുകയാണു ചെയ്യുന്നതെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സൈന്യാധിപനായ പ്രധാനമന്ത്രി‌യുടെ പ്രതിച്ഛായയ്ക്കു നേരെ ചോദ്യങ്ങളുയരുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച രാ‌ഹുലിനെ ‘ക്ലൗൺ പ്രി‍ൻസെ’ന്നു (കോമാളി രാജകുമാരൻ) ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കളിയാക്കിയിരുന്നു.

റഫാൽ: വ്യവസ്ഥകളും വിവാദവും

എൻഡിഎ ഒപ്പിട്ട കരാർ

∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ ആയുധ ഇടപാട്. വാങ്ങുന്നത് പൂർണസജ്ജമായ 36 റഫാൽ യുദ്ധവിമാനങ്ങൾ. 

∙ വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടി. 36 വിമാനങ്ങൾക്കു നൽ‌കേണ്ടത് 58,000 കോടി രൂപ.

∙ അത്യാധുനിക മിസൈലുകളും പോർമുനകളും ഉറപ്പിക്കാനാവും വിധം, ഇന്ത്യയുടെ ആവശ്യാനുസരണം പുനർരൂപകൽപന ചെയ്ത വിമാനങ്ങൾ. റേഞ്ച് 1055 കിലോമീറ്റർ.

∙ 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള മിസൈലുകൾ ഘടിപ്പിക്കാം.

∙ നിർമാതാക്കളായ ഡാസോ സാങ്കേതികവിദ്യ കൈമാറുക സ്വകാര്യ സ്ഥാപനമായ റിലയൻസിന്.

യുപിഎ വ്യവസ്ഥകൾ

∙ യുപിഎ സർക്കാർ നട‌‌ത്തിയ കൂടിയാലോചനകൾ ‌അന്തിമഘട്ടത്തിലെത്തിയിരുന്നു; കരാർ ഒപ്പിട്ടിരുന്നില്ല.

∙ വിമാനത്തിന്റെ അടിസ്ഥാന വില 526 കോടിയോളം രൂപ. പരിപാലനം, ആയുധങ്ങൾ, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ കൂടാതെയായിരുന്നു ഇത്. ‌

∙ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്നു വാങ്ങും. 108 വിമാനങ്ങൾ സാങ്കേതികവിദ്യാ കൈമാറ്റ കരാർ പ്രകാരം എച്ച്എഎല്ലിൽ നിർമിക്കും.

∙ 50% ഇന്ത്യൻ ഘടകങ്ങൾ.

∙ കരാർ മുടങ്ങിയത് ആയുഷ്കാല പരിപാലന വ്യവസ്ഥയെച്ചൊല്ലി.