Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിനു കളമൊരുക്കി റഫാൽ വിവാദം കത്തിപ്പടരുന്നു

Narendra Modi, Rafale plane, Rahul Gandhi

ന്യൂഡൽഹി ∙ അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ, രാഷ്ട്രീയയുദ്ധത്തിന് റഫാൽ പോർമുനയുമായി കോൺഗ്രസും  ബിജെപിയും. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടെന്ന നിലപാട് ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് ഇന്നലെ രാവിലെ ആവർത്തിച്ചത് കോൺഗ്രസിന് ആവേശം പകർന്നു. ‘കാവൽക്കാരൻ തന്നെ കള്ളൻ’ എന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി.

ഇതേസമയം, റിലയൻസിനെ പങ്കാളിയാക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയതായി അറിയില്ലെന്നും ഇക്കാര്യം വിശദീകരിക്കേണ്ടത് ഫ്രഞ്ച് കമ്പനിയായ ഡാസോ ആണെന്നും ഒലാൻദ് രാത്രി വൈകി നിലപാടുമാറ്റി. സാങ്കേതികവിദ്യാ കൈമാറ്റത്തിനു റിലയൻസിനെ തിരഞ്ഞെടുത്തതിൽ സർക്കാരുകൾക്കു പങ്കില്ലെന്ന ഔദ്യോഗിക നിലപാടിലാണ് ഇന്ത്യയും ഫ്രാൻസും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇന്നലെ വീണ്ടും വെടിപൊട്ടിച്ചത്. റഫാൽ കരാറിന്റെ കാലത്തു രാഷ്ട്രത്തലവനായിരുന്ന ഒലോൻദാണു കളവു പറയുന്നതെങ്കിൽ മോദി അങ്ങനെ തുറന്നുപറയണമെന്നു രാഹുൽ വെല്ലുവിളിച്ചു. 1.30 ലക്ഷം കോടി രൂപയുടെ അഴിമതിയാണുണ്ടായതെന്നും രാജ്യത്തിനായി രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിച്ചെന്നും രാഹുൽ പറഞ്ഞു.

റഫാൽ അന്വേഷണമാവശ്യപ്പെട്ടു ഡിഎംകെ രംഗത്തെത്തി. കോൺഗ്രസും ബിജെപി വിമതരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവരും ഉന്നയിച്ചു വന്ന ആവശ്യം, മറ്റു പ്രതിപക്ഷ കക്ഷികൾ കൂ‍ടി ഏറ്റെടുക്കുകയാണ്.

∙ 'പ്രധാനമന്ത്രി അഴിമതി നടത്തിയെന്നു ഞാൻ പറയുന്നു. കാവൽക്കാരൻ തന്നെ കള്ളൻ. ഒലോൻദാണു കളവു പറ‌യുന്നതെങ്കിൽ അതു പ്രധാനമന്ത്രി പരസ്യമായി പറയട്ടെ' - രാഹുൽ ഗാന്ധി

∙ 'രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ നിരുത്തരവാദപരവും ലജ്ജാകരവും. ചൈനയെയും പാക്കിസ്ഥാനെയും സഹായിക്കുകയാണു കോൺഗ്രസ് ചെയ്യുന്നത്' - കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്