Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ വെട്ടിച്ച് നാടുവിട്ടവർ

നിതിൻ സന്ദേസര

വഡോദരയിലെ സ്റ്റെർലിങ് ബയോടെക് എന്ന ഒൗഷധനിർമാണ കമ്പനിയുടമ നിതിൻ സന്ദേസര 5 ബാങ്കുകളിലായി 5000 കോടി വായ്പയെടുത്ത് 2018 സെപ്റ്റംബറിൽ നൈജീരിയയ്ക്കു കടന്നു.

നീരവ് മോദി

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും അമ്മാവൻ മെഹുൾ ചോക്സിയും 2018 ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. മോദി ഇപ്പോൾ ബ്രിട്ടനിലാണെന്നു കരുതപ്പെടുന്നു. ചോക്സി ആന്റിഗ്വയിൽ പൗരത്വം നേടി. ഇരുവർക്കുമെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വിജയ് മല്യ

വിവിധ ബാങ്കുകൾക്ക് 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയുമായി മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ 2016 മാർച്ചിൽ രാജ്യംവിട്ടു. ഇപ്പോൾ ലണ്ടനിൽ.

ജതിൻ മേത്ത

മുംബൈയിലെ വിൻസം ഡയമണ്ട് ആൻഡ് ജ്വല്ലറി ഉടമ ജതിൻ മേത്ത 14 ബാങ്കുകളിൽനിന്നു നേടിയ 6800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ 2013ൽ ഭാര്യയ്ക്കൊപ്പം രാജ്യംവിട്ടു. സിംഗപ്പൂരിലേക്കും അവിടെനിന്നു ദുബായിലേക്കും താമസം മാറ്റി. പിന്നീടു കരീബിയൻ ദ്വീപു സമൂഹമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലെ പൗരത്വം സ്വീകരിച്ചുവെന്നും റിപ്പോർട്ട്.

ലളിത് മോദി

ധനവിനിമയത്തിലെ തിരിമറികളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാജ്യാന്തരതലത്തിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുളള ഐപിഎൽ മുൻ മേധാവി ലളിത് മോദി 2010 മുതൽ ലണ്ടനിലാണ്.

ആശിശ് ജോബൻപുത്ര

മുംബൈയിൽ വസ്ത്രകയറ്റുമതി രംഗത്തു പ്രവർത്തിക്കുന്ന എബിസി കോട്സ്പിൻ ഉടമ ആശിശ് ജോബൻപുത്രയും ഭാര്യയും 2014–15 കാലയളവിൽ നടത്തിയ സാമ്പത്തിക തിരിമറിയിൽ 800 കോടിയാണ് എസ്ബിഎയ്ക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും നഷ്ടമായത്. തിരിമറി പുറത്താകും മുൻപേ ആശിശും കുടുംബവും അമേരിക്കയിലേക്കു കടന്നു.

റിതേഷ് ജയ്ൻ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽപ്പെട്ട റിതേഷ് ജയ്ൻ 1500 കോടിയോളം രൂപയാണു വ്യാജകമ്പനിയുടെ േപരിൽ കടത്തിയത്. ഇയാൾ ഗൾഫ് മേഖലയിലേക്കു കടന്നെന്നു കരുതുന്നു.