Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: പ്രയോജനപ്പെടുത്തി ബിജെപി; നിലപാടിന് അംഗീകാരമെന്ന് കോൺഗ്രസ്

Aadhar

ന്യൂഡൽഹി∙ ആധാർ പോരാട്ടത്തിലെ ഭാഗികപരാജയത്തെ ബിജെപി ഇങ്ങനെ നേരിടുന്നു:

ആധാർ കോൺഗ്രസിന്റെ ആശയമായിരുന്നു. എന്നാൽ, അതിന്റെ പ്രയോജനം കണ്ടെത്തിയതു ഞങ്ങൾ. കോൺ‌ഗ്രസ് നിലപാടു രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ്. 

വിധിയെ ഐതിഹാസികമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വിശേഷിപ്പിച്ചു. ആധാറിന്റെ പ്രയോജനമെന്തെന്നു കണ്ടെത്തിയതുകൊണ്ടു രാ‌ജ്യത്തിനു പ്രതിവർഷം 90,000 കോടി രൂപയുടെ നേട്ടമാണുണ്ടാകുന്നത്.– ജയ്റ്റ്‌ലി പറഞ്ഞു.

അതേസമയം, ആധാർ കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. ആധാറിൽ കോൺഗ്രസിന്റെ കാഴ്ചപ്പാട് സംരക്ഷിച്ച സുപ്രീം കോടതിക്കു നന്ദിപറഞ്ഞ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു.

അടിച്ചമർത്തലിനും നിരീക്ഷണത്തിനുമുള്ള ഉപകരണമായാണ് ആധാറിനെ ബിജെപി ഉപയോഗിച്ചത്. കോൺഗ്രസിന് അതു ശാക്തീകരണത്തിനുള്ള ഉപകരണമായിരുന്നു – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ആധാർ മണി ബിൽ ആണെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, കപിൽ സിബൽ എന്നിവർ പറഞ്ഞു.

‘സാങ്കേതികവിദ്യയുടെ കാലത്ത് മടക്കം വിരലടയാളത്തിലേക്ക്’

ആധാർ പാർശ്വവൽകരിക്കപ്പെട്ടവർക്കു മാന്യത ഉറപ്പാക്കുന്നു. സ്വകാര്യതയേക്കാൾ വലുതാണത്. വിദ്യാഭ്യാസം നമ്മെ വിരലടയാളത്തിൽനിന്നു കയ്യൊപ്പിലേക്കെത്തിച്ചു; സാങ്കേതികവിദ്യ കയ്യൊപ്പിൽനിന്നു തിരികെ വിരലടയാളത്തിലേക്കും. - ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ.

‘വിവരം നൽകുന്നത് സ്വകാര്യതാലംഘനമാകില്ല’

ആധാറിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി തെളിവില്ല. വ്യക്തിവിവരങ്ങൾ നൽകുന്നതു സ്വകാര്യതാ ലംഘനമാകുമെന്ന വാദത്തിൽ കഴമ്പില്ല. വിവിധ തിരിച്ചറിയൽ രേഖകൾക്കായി ഈ വിവരങ്ങൾ നൽകുന്നതാണ്. - ജസ്റ്റിസ് അശോക് ഭൂഷൺ.

‘നിർബന്ധമാക്കുന്നത് ഭരണഘടനാവിരുദ്ധം’

സർക്കാർ സബ്സിഡികൾക്ക് ആധാർ നിർബന്ധിതമാക്കുന്ന 7–ാം വകുപ്പ് ഭരണഘടനാവിരുദ്ധം. ആധാർ ഇല്ലാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയുണ്ടാക്കുന്നു. വിവരച്ചോർച്ച നിരീക്ഷണത്തിനു വഴിയൊരുക്കും. - ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.

‘പാൻകാർഡ്: ഭൂരിഭാഗത്തെ ബാധിക്കില്ല’

നിത്യജീവിതവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണ്. ആദായനികുതി നൽകുന്നവർ  കുറവാണ്. അതുകൊണ്ട് പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതു ഭൂരിഭാഗത്തെ ബാധിക്കുന്ന വിഷയമല്ല - ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (റിട്ട. ഹൈക്കോടതി ജഡ്ജി, ആധാറിനെതിരെ കോടതിയിൽ).

‘ആധാറിനെ ശക്തമാക്കുന്ന വിധി’

രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ആധാർ അനിവാര്യ പദ്ധതിയാണ്. വ്യക്തിവിവരങ്ങളുടെ ഉട‍മസ്ഥാവകാശം ഉറപ്പു വരുത്തുന്നതു സംബന്ധിച്ചുള്ള ആധാറിന്റെ സ്ഥാപകതത്വങ്ങളെയാണു കോടതി ശരിവച്ചത്. വിധി ആധാറിനെ കൂടുതൽ ശക്തിപ്പെടുത്തി - നന്ദൻ നിലേകനി, യുഐഡിഎഐ മുൻ ചെയർമാൻ, ഇൻഫോസിസ് സ്ഥാപകാംഗം.