Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൻകാർഡിനും ആദായനികുതി റിട്ടണിനും ആധാർ നിർബന്ധം

adhar-pan

ന്യൂഡൽഹി∙ആദായ നികുതി റിട്ടേൺ നൽകാനും പാൻ കാർഡ് ലഭിക്കാനും ആധാർ നമ്പർ നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ വർഷം ജൂണിൽ വിധിച്ചിരുന്നു. ആധാർ നമ്പർ നൽകിയില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്ഥയുമുള്ളതായിരുന്നു ആദായ നികുതി നിയമത്തിലെ (139 എഎ) ഭേദഗതി. 

എന്നാൽ, ആധാർ സ്വകാര്യതയുടെ ലംഘനമാണെന്ന കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ, ആധാറില്ലെങ്കിൽ പാൻ അസാധുവാകുമെന്ന നിർദേശം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെന്ന് കഴിഞ്ഞ വർഷത്തെ വിധിയിൽ പറഞ്ഞിരുന്നു. ഇന്നലത്തെ വിധിയിലൂടെ ആ സ്റ്റേ നീങ്ങി. ഫലത്തിൽ, ആദായ നികുതി റിട്ടേണിനും പാൻ കാർഡിനും ആധാർ നിർബന്ധമായി. 

മുൻമന്ത്രി ബിനോയ് വിശ്വവും മറ്റും നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞ വർഷത്തെ വിധി. അന്നു വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് എ.കെ.സിക്രി തന്നെയാണ് ഇന്നലത്തെ പ്രധാന വിധിന്യായമെഴുതിയത് എന്നതും ശ്രദ്ധേയമാണ്. 

എന്നാൽ, ആദായ നികുതി റിട്ടേണിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കുന്നത് നിലവിലെ വിധിയുടെ അടിസ്ഥാന നിലപാടിന് നിരക്കുന്നതല്ലെന്നും അതിനാൽ കോടതിയിൽ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് ഹർജിക്കാരിൽ ചിലർ സൂചിപ്പിക്കുന്നത്. എന്നാൽ, ആധാർ – പാൻ – ഐടി ബന്ധനം സർക്കാരിന്റെ ന്യായമായ താൽപര്യത്തിന്റെ ഗണത്തിൽ പെടുമെന്നാണ് കോടതി ഇന്നലെ പറഞ്ഞത്. നിയമത്തിലൂടെയാണ് അത് നടപ്പാക്കുന്നത് എന്നതും നടപടി അംഗീകരിക്കുന്നതിനു കോടതി കാരണമാക്കുന്നു. 

പാൻ വ്യക്തമാക്കാതെ 1.65 കോടി നികുതി റിട്ടേണുകൾ കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലായി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 

മൊത്തം 33,000 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച റിട്ടേണുകളാണിവ. ആധാർ നമ്പർ ലഭ്യമല്ലായിരുന്നെങ്കിൽ ഈ ഇടപാടുകൾ കണ്ടെത്താൻ സാധിക്കില്ലായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. 

അന്നത്തെ ഭേദഗതികൾക്ക് ഏതാണ്ട് അംഗീകാരം

ആധാർ ബിൽ 2016 മാർച്ചിൽ രാജ്യസഭ പരിഗണിച്ചപ്പോൾ കോൺഗ്രസ് കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ മിക്കതും അംഗീകരിക്കുന്ന രീതിയിലാണ് സുപ്രീം കോടതിയുടെ വിധി. അന്ന്, ഭേദഗതികൾ വോട്ടെടുപ്പിൽ രാജ്യസഭ അംഗീകരിച്ചിരുന്നുവെങ്കിലും അവ ഉൾപ്പെടുത്താതെയാണ് ബിൽ ലോക്സഭ പാസാക്കിയത്. 

മണി ബിൽ ആയതിനാൽ ലോക്‌സഭയുടെ നിലപാട് അന്തിമമായി. 

അന്നു നിർദേശിക്കപ്പെട്ട ഭേദഗതികൾ: 

∙ ആധാർ നമ്പർ ഉപേക്ഷിക്കാൻ വ്യക്‌തികൾക്ക് അവകാശം നൽകുക. 

∙ നമ്പർ ലഭിക്കാത്തവർക്കും പദ്ധതിയിൽ ഉൾപ്പെടാൻ താൽപര്യമില്ലാത്തവർക്കും സബ്‌സിഡികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ നൽകുക.

∙ ശേഖരിക്കുന്ന വിവരങ്ങൾ ദേശസുരക്ഷാപരമായ ആവശ്യങ്ങൾക്കായി കൈമാറുകയെന്നത്, അടിയന്തര സാഹചര്യത്തിലോ പൊതുസുരക്ഷാപരമായ താൽപര്യത്തിലോ കൈമാറുകയെന്നു തിരുത്തുക.

∙ വിവരങ്ങൾ കൈമാറാനുള്ള തീരുമാനം പരിശോധിക്കാനുള്ള മേൽനോട്ടസമിതിയിൽ കേന്ദ്ര വിജിലൻസ് കമ്മിഷണറെയോ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെയോ ഉൾപ്പെടുത്തുക.

∙ ഏതാവശ്യത്തിനും ആധാറിനെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന വ്യവസ്‌ഥ ഒഴിവാക്കുക.