Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: വാധ്‌രയ്ക്കെതിരെ ബിജെപി; ആക്രമണം ശക്തമാക്കി കോൺഗ്രസ്

Rafale fighter jet

ന്യൂഡൽഹി ∙ ഓഫ്സെറ്റ് കരാറിൽ റോബർട്ട് വാധ്‌രയ്ക്കു പങ്കാളിത്തം കിട്ടാത്തതിനാലാണു റഫാൽ ഇടപാടിൽ കോൺഗ്രസ് അഴിമതി ആരോപിക്കുന്നതെന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. അതേസമയം, ‘മോദി ബാബയും 40 കള്ളന്മാരും’ എന്ന പ്രയോഗവുമായി കോൺഗ്രസ് ആക്രമണം ശക്തമാക്കി. മോദി അംബാനിയുടെ പ്രധാനമന്ത്രിയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ എന്നും പാർട്ടി വക്താവ് രൺദീപ് സുർജേവാല ചോദിച്ചു.

വാധ്‌രയും ബിസിനസ് കൂട്ടാളി സഞ്ജയ് ഭണ്ഡാരിയും ചേർന്ന് ഓഫ്സെറ്റ് കരാറിൽ പങ്കാളിത്തത്തിനു ശ്രമിച്ചിരുന്നുവെന്നും ദുബായ് ഡിഫൻസ് എക്സ്പോയിൽ ഇരുവരും പോയിരുന്നത് ഇതിനു തെളിവാണെന്നും ശെഖാവത്ത് ആരോപിച്ചു. എന്നാൽ 2014 ൽ യുപിഎ സർക്കാർ വീണതോടെ നീക്കം പാളിയെന്നും അതിനാലാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണു വാദം. ഭണ്ഡാരിയുടെ ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷൻസ് എന്ന കമ്പനി റഫാലുമായി ബന്ധപ്പെട്ട കരാറിനു ശ്രമിച്ചിരുന്നു. എൻഫോഴ്സ്മെന്റ് അന്വേഷണത്തെത്തുടർന്നു ഭണ്ഡാരി 2017 ഫെബ്രുവരിയിൽ ലണ്ടനിലേക്കു കടക്കുകയും കമ്പനി അടച്ചുപൂട്ടുകയും ചെയ്തു.

അതേസമയം, സൈനികർക്കും രക്തസാക്ഷികൾക്കും എച്ച്എഎൽ ഉദ്യോഗസ്ഥർക്കും നീതി ഉറപ്പാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘നിങ്ങളുടെ വേദന മനസ്സിലാക്കുന്നു. നിങ്ങളെ അപമാനിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.’ എച്ച്എഎല്ലിനെ ഒഴിവാക്കുക വഴി യുവാക്കളുടെ തൊഴിലവസരങ്ങൾ കൂടിയാണ് ഇല്ലാതാക്കിയെന്ന് അദ്ദേഹം അമേഠിയിൽ ആരോപിച്ചു.

റഫാലും വിജയ് മല്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും പറഞ്ഞു.
ആരോപണങ്ങൾക്കു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നു കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. ഫ്രാൻസിൽനിന്നു റഫാൽ ബോംബ് വീഴാൻ സാധ്യതയുണ്ടെന്നു രാഹുൽ നേരത്തേ ട്വീറ്റ് ചെയ്തത് ഇതിനു തെളിവാണെന്നും പറഞ്ഞു.