Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടയാൻ നിയമം ഉണ്ടാക്കൂ; ക്രിമിനൽ രാഷ്ട്രീയക്കാരെക്കുറിച്ച് സുപ്രീംകോടതി

PTI1_12_2018_000153A

ന്യൂഡൽഹി ∙ ഗുരുതരമായ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരുടെ രാഷ്ട്രീയ പാർട്ടി അംഗത്വം റദ്ദാക്കാനും പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതു തടയാനും പാർലമെന്റ് ശക്തമായ നിയമം നിർമിക്കണമെന്നു സുപ്രീം കോടതി. ക്രിമിനൽ കേസിൽ പ്രതിയാണോയെന്നു സ്ഥാനാർഥികൾ പാർട്ടിയോടു വ്യക്തമാക്കണം. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും മറ്റും നൽകിയ ഹർജികളിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

ജനാധിപത്യത്തിന്റെ കോട്ടയിലെ ചിതലാണു രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണമെങ്കിലും അതു തടയാനുള്ള നിയമനിർമാണത്തിനു തങ്ങൾക്ക് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി.
അധികാര വിഭജനത്തിന്റെ ലക്ഷ്മണരേഖയെക്കുറിച്ചു കേന്ദ്രസർക്കാർ ഓർമിപ്പിച്ചിട്ടുണ്ടെന്നും കോടതി എടുത്തുപറഞ്ഞു.

 ∙ കേസുകളെക്കുറിച്ച് പാർട്ടി പറയണം

കേസുകളെക്കുറിച്ചു സ്ഥാനാർഥികൾ നൽകുന്ന വിവരങ്ങൾ പാർട്ടികൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നു കോടതി നിർദേശിച്ചു. നാമനിർ‍ദേശപത്രിക നൽകിക്കഴിഞ്ഞാൽ, സ്ഥാനാർഥിയും പാർട്ടിയും സ്ഥാനാർഥിയുടെ പശ്ചാത്തലം മാധ്യമങ്ങളിലൂടെ 3 തവണ പരസ്യപ്പെടുത്തണം. സ്ഥാനാർഥികൾ അവരുടെ വിശദവിവരങ്ങളും പ്രതികളായ ക്രിമിനൽ കേസുകളുടെ വിവരങ്ങളും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

എന്നാൽ, ഈ രീതി നിലവിലുണ്ടെന്നു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. സ്ഥാനാർഥികൾ നൽകുന്ന വിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നുമുണ്ട്. കോടതി നിർദേശം പാർട്ടികളുടെ ടിക്കറ്റിൽ മൽസരിക്കുന്നവരെക്കുറിച്ചു മാത്രമാണെന്നും സ്വതന്ത്ര സ്ഥാനാർഥികളുടെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.

related stories