Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളെയറിഞ്ഞു വോട്ട് ചെയ്യുക അവകാശം: സുപ്രീം കോടതി

PTI1_12_2018_000144B

ന്യൂഡൽഹി ∙ ജനാധിപത്യത്തിൽ പൗരൻമാരെ അഴിമതിയുടെ മൂകസാക്ഷികളായി, നിസഹായരായി നിൽക്കാൻ നിർബന്ധിതരാക്കരുതെന്നു സുപ്രീംകോടതി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിധിപ്രഖ്യാപനത്തിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.  ആളെയറിഞ്ഞു വോട്ട് ചെയ്യുകയെന്നതു വോട്ടറുടെ അവകാശമാണ്. ശരിയായ വിവരങ്ങൾക്കുള്ള ഈ അവകാശം നിഷേധിക്കുന്നതു ജനാധിപത്യത്തെ തകർക്കും. കാരണം, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെക്കുറിച്ച് അറിയാതെയാണ് വോട്ടർ വോട്ട് ചെയ്യുക.

രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിനാശകരമാണ്, ദയനീയസ്ഥിതിയാണ്. വോട്ടർ വിധിയെ പഴിക്കുന്ന സ്ഥിതി വേണ്ട.
ശരിയായ രീതിയിലുള്ള ഭരണം ഉറപ്പാക്കാൻ, ഏറ്റവും മികച്ചവരാണ് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടേണ്ടത്. മികച്ചവർക്ക് ക്രിമിനൽ പശ്ചാത്തലം പാടില്ല. അവരുടെ പശ്ചാത്തലവും ആസ്തിയും മറ്റു കാര്യങ്ങളും അറിയാൻ വോട്ടർക്ക് അവകാശമുണ്ട്.

പശ്ചാത്തലമറിഞ്ഞുള്ളതാവുമ്പോൾ തിരഞ്ഞെടുപ്പ് നീതിപൂർവകമാകുന്നു, സമ്മതിദാന വിനിയോഗം പവിത്രമാകുന്നു. ഈ അവകാശം ജനാധിപത്യത്തിൽ പരമോന്നതമാണ്.  ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ രാഷ്ട്രീയ ധാരയിലേക്കു വരുന്നതു തടയാൻ പാർലമെന്റ് നിയമമുണ്ടാക്കണം. ശരിയാണ്, സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവർക്കെതിരെ വ്യാജ കേസുകൾ ചമയ്ക്കപ്പെടാം. അതു ശരിയായ നിയമത്തിലൂടെ പാർലമെന്റിനു തടയാനാവും. അത്തരമൊരു നിയമത്തിനായി രാഷ്ട്രം കാത്തിരിക്കുകയാണ്.

ഭരണഘടനാധിഷ്ഠിത ഭരണമെന്നത് സമൂഹത്തിന്റെ ന്യായമായ പ്രതീക്ഷയാണ്. പണത്തിനും പേശിബലത്തിനുമാണ് പരമാധികാരമെന്നുവരുമ്പോൾ രാജ്യം ആശങ്കപ്പെടും.
രാഷ്ട്രീയത്തിൽ പ്രവേശിക്കാമെന്ന് ക്രിമിനലുകൾ ആലോചിക്കുകപോലും ചെയ്യാത്തവിധത്തിൽ രാഷ്ട്രീയത്തിലെ മാലിന്യങ്ങൾ നീക്കാൻ ഊർജിത ശ്രമം വേണം. ക്രിമിനലുകളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തിയേ പറ്റൂ. – സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

സ്വാഗതം ചെയ്തു സർക്കാർ

രാഷ്ട്രീയത്തിലെ ക്രിമിനൽ സാന്നിധ്യം നിയന്ത്രി‌ക്കുന്നതിനു സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്തു. ഇതിനു നിയമനിർമാണം നടത്തുകയെന്ന നിർദേശ‌ത്തിൽ വിധി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. 

ക്രിമിനൽവൽക്കരണം ഒഴിവാക്കുന്നതിനു നേരത്തെ കോടതി നൽ‌കിയ പല നിർദേശങ്ങളും നടപ്പാക്കിയിരുന്നു. ക്രിമിനൽ കേസുകളെക്കുറിച്ചു സ്ഥാനാർഥികൾ സത്യവാങ്മൂലം നൽകണമെന്നത് ഇതിലൊന്നാണെന്ന് അവർ പറഞ്ഞു.
 

related stories