Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ, സോപാധികം; സുപ്രീം കോടതിയുടെ ചരിത്രവിധി

aadhar-special

ന്യൂഡൽഹി∙ ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെങ്കിലും സർക്കാർ സബ്സിഡി, സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കാൻ മാത്രമേ അതു നിർബന്ധമാക്കാവൂ എന്ന് സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്‌ഷൻ, പ്രവേശന പരീക്ഷകൾ, സർവീസ് പെൻഷൻ, സ്കൂൾ പ്രവേശനം എന്നിവയ്ക്ക് ആധാർ നമ്പർ നൽകേണ്ടതില്ല. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ, പാൻ എന്നിവ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. പാൻ കാർഡ് എടുക്കാനും ആധാർ വേണം. 

Aadhar-Graphics

സൂപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ 5 അംഗങ്ങളിൽ ചീഫ് ജസ്റ്റിസടക്കം 3 പേരുടേതാണ് ഈ വിധി. രണ്ടു പേർ വിയോജിച്ചു. ഇവർ വെവ്വേറെ വിധിന്യായങ്ങളെഴുതി. ആധാർ ബിൽ, പണബില്ലെന്നു നിർവചിച്ച ലോക്സഭാ സ്പീക്കറുടെ നടപടി 4 ജഡ്ജിമാർ ശരിവച്ചു. 

ആധാർ നിയമത്തിലെ 57, 47, 33 (2) വകുപ്പുകൾ റദ്ദാക്കി. ഇതോടെ അസാധുവായ വ്യവസ്ഥകൾ ഇവ– 

സ്വകാര്യസ്ഥാപനങ്ങൾക്കു തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാം, ആധാർ വിവരം ദുരുപയോഗം ചെയ്താൽ പരാതിപ്പെടാൻ അവകാശം സവിശേഷ തിരിച്ചറിയൽ അതോറിറ്റിക്കു മാത്രമാണ്, ദേശീയ സുരക്ഷാതാൽപര്യം മുൻനിർത്തി വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തണം. 

വിധിയിലെ മറ്റു പ്രധാന കാര്യങ്ങൾ

∙ ആധാർ നിർബന്ധമല്ല. ഓരോരുത്തർക്കും തീരുമാനിക്കാം. സർക്കാർ ആനുകൂല്യങ്ങൾ‍ വേണമെങ്കിൽ ആധാർ നിർബന്ധം.

∙ ആധാർ വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാനാകില്ല. ഇതനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധം.

∙ കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കണം. കുട്ടികൾക്ക് പ്രായപൂർത്തിയാവുമ്പോൾ വേണമെങ്കിൽ ഒഴിവാകാം.

∙ ആധാർ ഇല്ലെങ്കിലും കുട്ടികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ല.

∙ ആധാറിനായി നൽ‍കിയ വിവരം തെളിവായി 6 മാസമേ സൂക്ഷിക്കാവൂ. നേരത്തെ 5 വർഷമായിരുന്നു.

∙ ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന സർക്കാർ വാദം അംഗീകരിക്കുന്നു. എങ്കിലും ഡേറ്റ സുരക്ഷയ്ക്കായി നിയമം നിർമിക്കണം.