Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽനിന്നു ചോർത്തിയത് 5 കോടി അക്കൗണ്ട് വിവരങ്ങൾ; ഏറെയും ഇന്ത്യക്കാരുടേത്

FACEBOOK

വാഷിങ്ടൻ ∙ സുരക്ഷാപ്പിഴവു മൂലം കഴിഞ്ഞദിവസം ചോർന്ന 5 കോടി ഫെയ്സ്ബുക് അക്കൗണ്ട് വിവരങ്ങളിൽ കൂടുതലും ഇന്ത്യക്കാരുടേതെന്നു സൂചന. സമൂഹമാധ്യമത്തിലെ 200 കോടി ഉപയോക്താക്കളിൽ 27 കോടിയും ഇന്ത്യക്കാരാണ്. രാജ്യം തിരിച്ചുള്ള കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ചോർച്ച സംഭവിച്ചതായി സിഇഒ മാർക് സക്കർബർഗ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. സാങ്കേതികപ്പിഴവു പരിഹരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

തങ്ങളുടെ പ്രൊഫൈൽ മറ്റൊരാൾ എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കാനുള്ള ഓപ്ഷൻ വഴിയാണു നുഴഞ്ഞുകയറ്റം നടന്നത്. ഇങ്ങനെ വിവരങ്ങൾ ചോർന്ന അക്കൗണ്ടുകൾ വീണ്ടും ഉപയോഗിക്കുന്നതിനു മുൻപ് പുതുതായി ലോഗിൻ ചെയ്യണമെങ്കിലും പാസ്‌വേഡ് മാറ്റണമെന്നു നിർബന്ധമില്ല. 5 കോടി അക്കൗണ്ട് വിവരങ്ങൾ ചോർന്നതായാണു കണ്ടെത്തിയതെങ്കിലും മുൻകരുതലിന്റെ ഭാഗമായി മറ്റൊരു 4 കോടി അക്കൗണ്ടുകൾകൂടി പുതുതായി ലോഗിൻ ചെയ്യേണ്ട വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. വ്യക്തിവിവരങ്ങൾ ചോർന്നതു സംബന്ധിച്ച അന്വേഷണം പ്രാരംഭദിശയിലാണെന്നും ചോർന്ന വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്തതായി ശ്രദ്ധിയിൽപെട്ടിട്ടില്ലെന്നും സമൂഹമാധ്യമക്കമ്പനി അറിയിച്ചു.