Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലയാളികളെ സംരക്ഷിക്കുന്നവരുമായി എങ്ങനെ ചർച്ച നടത്തും: യുഎന്നിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

Sushma Swaraj ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്നു. ചിത്രം:എഎഫ്പി

ന്യൂയോർക്ക്∙ ഭീകരർ രക്തച്ചൊരിച്ചിൽ തുടരുമ്പോൾ, അവരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനുമായി എങ്ങനെ ചർച്ച നടത്താൻ കഴിയുമെന്നു ലോകനേതാക്കളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയാണു ചർച്ച അട്ടിമറിക്കുന്നതെന്ന പാക്കിസ്ഥാൻ വാദം കളവാണ്.

സമാധാനചർച്ച പലവട്ടം നടന്നിട്ടുണ്ട്. അവ നിന്നുപോയത് പാക്ക് ശൈലി മൂലമാണെന്നും യുഎൻ പൊതുസഭയിലെ പൊതുചർച്ചയിൽ സുഷമ പറഞ്ഞു.  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശകാര്യമന്ത്രി തലത്തിൽ ചർച്ച ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യ അതു സ്വീകരിച്ചു മണിക്കൂറുകൾക്കകം, മൂന്ന് ഇന്ത്യൻ പട്ടാളക്കാരെ ഭീകരർ കൊലപ്പെടുത്തി. 

 ചർച്ചയ്ക്കുള്ള ആഗ്രഹമാണോ ഇതു വ്യക്തമാക്കുന്നത്? 2016 ഡിസംബറിൽ താൻ നേരിട്ടു പാക്കിസ്ഥാനിൽ പോയി ഉഭയകക്ഷി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചു. തൊട്ടടുത്ത മാസം പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ പഠാൻകോട്ട് വ്യോമസേനാത്താവളം ആക്രമിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫീസ് സയീദ് പാക്കിസ്ഥാനിൽ സ്വതന്ത്രനായി നടക്കുന്നു – സുഷമ പറഞ്ഞു.