Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് 400 യാഥാർഥ്യമാക്കാൻ ഇന്ത്യ; പുടിന്റെ സന്ദർശനം നിർണായകം

S400-Triumf

ന്യൂഡൽഹി∙ അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനമായ എസ് 400 ട്രയംഫ് റഷ്യയിൽ നിന്നു വാങ്ങുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇക്കാര്യം ചർച്ചയാകും. 39,000 കോടി രൂപയ്ക്ക് 5 ‘എസ് 400 മിസൈലുകൾ’ വാങ്ങാൻ സുരക്ഷാകാര്യ മന്ത്രിതല സമിതി പച്ചക്കൊടി കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മിസൈലുകൾ വാങ്ങുന്നതു സംബന്ധിച്ച കരാർ പ്രഖ്യാപനമുണ്ടായേക്കുമെന്നു പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.

യുഎസ്സിന്റെ ഉപരോധം മറികടക്കുക എന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള വെല്ലുവിളി. തങ്ങളുടെ എതിരാളികളുമായി പ്രതിരോധ ഇടപാടുകളിലേർപ്പെടുന്നവർക്കെതിരെ ഉപരോധമേർപ്പെടുത്തുന്ന യുഎസ് ചട്ടം മറികടക്കാനുള്ള നയതന്ത്ര ഇടപെടലുകൾ ഇന്ത്യ നടത്തിക്കഴിഞ്ഞു.

എസ് 400 ട്രയംഫ്

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളിലൊന്ന്. ശത്രുവിമാനങ്ങൾ, മിസൈലുകൾ എന്നിവയെ മിസൈൽ ഉപയോഗിച്ചു തകർക്കാൻ കെൽപുള്ളതാണ് എസ് 400 ട്രയംഫ്. 400 കിലോമീറ്റർ പരിധിയിൽ വ്യോമ പ്രതിരോധം ഉറപ്പാക്കും. 300 ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാൻ കഴിയും. റഷ്യ ഇതു വികസിപ്പിച്ചത് 2007ൽ. 2016ൽ ഇന്ത്യ റഷ്യയുമായി ചർച്ചകൾ ആരംഭിച്ചു. 

∙ 'എസ് 400 സംബന്ധിച്ചു റഷ്യയുമായി ദീർഘനാളായി നടക്കുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിക്കഴിഞ്ഞു.' - പ്രതിരോധ മന്ത്രി നിർമല സീതാരാമൻ (ദ് വീക്ക് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്)

related stories