Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ ‘ഗാന്ധി സ്നേഹം’ നേരിടാൻ വാർധ യോഗവുമായി കോൺഗ്രസ്

Mahatma Gandhi

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ വാർധ ആശ്രമത്തിൽ നാളെ കോൺഗ്രസ് പ്രവർത്തകസമിതിയോഗം ചേരുന്നത്, ഗാന്ധിജിയെ ‘സ്വന്തമാക്കാനുള്ള’ ബിജെപി നീക്കത്തിനു തടയിടാൻ കൂടി. മഹാത്മാഗാന്ധിയുടെ 150–ാം ജൻമവാർഷിക ദിനത്തിൽ പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ മുഖ്യ അജൻഡയും ബിജെപിക്കെതിരായ ഭാവി രാഷ്ട്രീയ നീക്കങ്ങൾ തന്നെ.

ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ ഒത്തുചേർന്നതിനു ശേഷമാകും പ്രവർത്തക സമിതി അംഗങ്ങൾ വാർധയിലേക്കു പുറപ്പെടുകയെന്നതും ശ്രദ്ധേയം. പാർട്ടി ആസ്ഥാനത്തു ചേരുന്ന യോഗം അപൂർവമായാണു ഡൽഹിക്കു പുറത്തു നടക്കുന്നത്. ഗാന്ധിജിയെ ‘ഹൈജാക്ക്’ ചെയ്യാൻ ബിജെപി നിരന്തരം നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണു യോഗം അവിടേക്കു മാറ്റുന്നതെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു പുറമെ, റഫാൽ, നോട്ട് നിരോധനം, വിജയ് മല്യ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരായ തുടർ സമരങ്ങൾക്കും യോഗം രൂപം നൽകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പ്രവർത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, സ്ഥിരം ക്ഷണിതാവ് പി.സി.ചാക്കോ എന്നിവർ പങ്കെടുക്കും. ആന്ധ്രയിൽ ഭവന സന്ദർശനം നടക്കുന്നതിനാൽ, ഉമ്മൻ ചാണ്ടി എത്തില്ല.