Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ്; സംഘടനാ അഴിച്ചപണിക്ക് രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനയിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആദ്യ പടിയായി 8 സെക്രട്ടറിമാരെ സംഘടനാ ചുമതലയിൽനിന്നു നീക്കി. 2013 ജൂൺ 13നു നിയമിതരായ വി. ഹനുമന്തറാവു, കിഷോർ ലാൽ ശർമ, അശ്വനി സേഖ്‌രി, കെ. ജയകുമാർ, വിജയലക്ഷ്മി സാധൊ, സജ്ജൻസിങ് വർമ, രാകേഷ് കാലിയ, പ്രിയ ദത്ത് എന്നിവരെയാണ് ഒഴിവാക്കിയത്. പകരം നിയമനങ്ങൾ ഉടനുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പാർട്ടിയുടെ ആസൂത്രണവിഭാഗം മേധാവിയായി ഹനുമന്ത റാവുവിനെ അടുത്തിടെയാണു നിയമിച്ചത്. പ്രചാരണവിഭാഗം മേധാവി സ്ഥാനം ലക്ഷ്യമിട്ടിരുന്ന റാവു ആസൂത്രണ ചുമതലയിൽ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ പാർട്ടിയുടെ ചുമതല വഹിച്ച നേതാവാണു കിഷോർ ലാൽ. സജ്ജൻ, അശ്വനി എന്നിവരെ ഗുജറാത്തിന്റെയും രാകേഷിനെ മധ്യപ്രദേശിന്റെയും ചുമതലയിൽനിന്നാണു നീക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല നിർവഹിച്ച ജയകുമാർ, വിജയലക്ഷ്മി എന്നിവരുടെ പ്രവർത്തനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നതായാണു സൂചന.

മുൻ എംപിയും നടനുമായ സുനിൽ ദത്തിന്റെ മകളാണു പ്രിയ. നിലവിൽ, 67 സെക്രട്ടറിമാരാണു പാർട്ടിയിലുള്ളത്. വരും ദിവസങ്ങളിലും അഴിച്ചുപണിയുണ്ടായേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിനു കോൺഗ്രസ് ഇന്നലെ തുടക്കമിട്ടു. റഫാൽ ഇടപാട്, നോട്ട് നിരോധനം, വിജയ് മല്യ, നീരവ് മോദി എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കു രാഹുൽ അടുത്തിടെ നിർദേശം നൽകിയിരുന്നു.