Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം സ്വാതന്ത്ര്യ സമരം; ഗാന്ധി ആശ്രമത്തിൽനിന്ന് കോൺഗ്രസ് ആഹ്വാനം

Cong-prayer-meeting-at-Sevagram

വാർധ (മഹാരാഷ്ട്ര) ∙ മോദി സർക്കാരിനെതിരെ, ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ചു ‘രണ്ടാം സ്വാതന്ത്ര്യ സമര’ത്തിന് ആഹ്വാനം ചെയ്തു കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം. ഗാന്ധിജിയുടെ 149ാം ജന്മവാർഷിക ദിനത്തിൽ വാർധ സേവാഗ്രാം ഗാന്ധി ആശ്രമത്തിൽ ചേർന്ന യോഗത്തിലാണു ബിജെപിക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കാനുള്ള ആഹ്വാനം.

ജീവിച്ചിരുന്നപ്പോൾ മഹാത്മാവിനെ തള്ളിയ ആർഎസ്എസും ബിജെപിയും ഇന്നു ഗാന്ധിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണു ഗാന്ധി വധത്തിലേക്കു നയിച്ചത്. ഗാന്ധിജിയുടെ കണ്ണട പ്രചാരണത്തിനായി കടമെടുക്കാം. എന്നാൽ, അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടരാതെ അവ നടപ്പാക്കാനാവില്ല. ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം പിന്തുടരുന്ന ശക്തികൾക്കെതിരെ അതേ വീര്യത്തോടെയുളള പോരാട്ടം വേണം – പ്രവർത്തകസമിതി ആഹ്വാനം ചെയ്തു.

ഡൽഹി അതിർത്തിയിൽ കർഷകർക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തെ യോഗം അപലപിച്ചു. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യമുയർത്തിയ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനം കൂടിയായ ഇന്നലെ, കർഷകമൂല്യം ഉയർത്തിപ്പിടിക്കേണ്ടതിനു പകരം അവരെ അടിച്ചമർത്തുകയാണെന്നും കുറ്റപ്പെടുത്തി. മുതിർന്ന നേതാവ് അശോക് ഗെലോട്ട് ആണു പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവർ പ്രസംഗിച്ചു.

ഒരു മണിക്കൂർ മാത്രം നീണ്ട യോഗം തിരഞ്ഞെടുപ്പ് ഒരുക്കം, സഖ്യകക്ഷി വിഷയങ്ങൾ, റഫാൽ തുടങ്ങിയ വിഷങ്ങളൊന്നും ചർച്ച ചെയ്തില്ല. കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ എന്നിവർ പങ്കെടുത്തു.

പാത്രം കഴുകി നേതാക്കൾ

ഭക്ഷണം കഴിച്ച പാത്രം പാർട്ടി നേതാക്കൾക്കൊപ്പം നിര നിന്നു കഴുകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും. ആശ്രമ പരിസരത്തെ ഹാളിലായിരുന്നു സാധാരണ പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം. 1986ൽ ഗാന്ധിജയന്തി ദിനത്തിൽ രാജീവ് ഗാന്ധി നട്ട മരത്തിനു സമീപം മകൻ രാഹുൽ ഗാന്ധി വൃക്ഷത്തൈ നട്ടു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം 50 മിനിറ്റോളം കാൽനടയായാണു രാഹുൽ വേദിയിലെത്തിയത്.

ഗാന്ധിജിയുടെ ആദ്യത്തെ വസതിയായ ആദി നിവാസും പിന്നീടു പണികഴിപ്പിച്ച ബാപ്പുക്കുടിയും രാഹുലും സോണിയയും മൻമോഹൻ സിങ്ങും സന്ദർശിച്ചു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും നട്ട മരങ്ങൾക്കു മൂവരും ചേർന്നു വെള്ളമൊഴിച്ചു. എറണാകുളം സ്വദേശി ടി.ആർ.പ്രഭു ആണിപ്പോൾ സേവാഗ്രാം ആശ്രമത്തിന്റെ ചുമതലക്കാരൻ.

ക്വിറ്റ് ഇന്ത്യ പ്രഖ്യാപന വേദി

1942ൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ക്വിറ്റ് ഇന്ത്യ പ്രമേയ തീരുമാനമെടുത്ത കോൺഗ്രസ് പ്രവർത്തക സമിതിയോഗം ചേർന്നത് സേവാഗ്രാമിലാണ്. അതിനുശേഷം വീണ്ടും പ്രവർത്തക സമിതി ഇവിടെയെത്തുന്നത് 76 വർഷത്തിനു ശേഷം ഇപ്പോൾ.

കൊള്ളയടിക്കാൻ മോദി കൂട്ടുനിൽക്കുന്നു

നമ്മുടെ കാവൽക്കാരനല്ല, നമ്മെ കൊള്ളയടിക്കാൻ വഴിയൊരുക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജി സത്യമാർഗത്തിൽ സഞ്ചരിച്ചപ്പോൾ നുണയുടെ വഴിയാണു മോദിയുടേത്. എന്നിട്ട് അദ്ദേഹം ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കൈകൂപ്പി നിൽക്കുന്നു. തന്റെ ഭരണകാലത്തിനു മുൻപ് ഇന്ത്യയൊന്നും നേടിയിട്ടില്ലെന്ന അവകാശവാദവുമായി എന്തിനാണു രാഷ്ട്രത്തെ പ്രധാനമന്ത്രി അവഹേളിക്കുന്നത്?

- രാഹുൽ ഗാന്ധി